വനം വകുപ്പിന്റെ പൈൻ ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു നൽകി

Mail This Article
കുട്ടിക്കാനം ∙ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ വനം വകുപ്പിന്റെ പൈൻ ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു നൽകി. 9 കിലോമീറ്ററോളം ദൂരത്തിൽ പൈൻ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഗാർഡനിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ സഞ്ചാരികൾക്കു ലഘുഭക്ഷണം, പാനീയങ്ങൾ എന്നിവ നൽകുന്നതിനായി വിശ്രമകേന്ദ്രം, ഇൻഫർമേഷൻ സെന്റർ എന്നിവയും തുറന്നു.
വനവിഭങ്ങൾ ഇവിടെനിന്നു സന്ദർശകർക്കു ലഭ്യമാകും. മുതിർന്നവർക്ക് - 30 രൂപ, കുട്ടികൾക്ക് - 15 എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. കുട്ടിക്കാനം - കുമളി റോഡിലെ തട്ടാത്തിക്കാനം പൈൻ ഗാർഡനിൽ കോട്ടയം വന വികസന ഏജൻസിയും പെരിയാർ വെസ്റ്റ് വന വികസന ഏജൻസിയും ചേർന്നാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പൈൻ ഗാർഡന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.