വന്യമൃഗങ്ങൾക്കു പുറമേ മയിലും കുരങ്ങും; കർഷകർ ഇനി എന്തു ചെയ്യണം?

Mail This Article
മറയൂർ ∙ അഞ്ചുനാട്ടിൽ വന്യമൃഗങ്ങൾക്കു പുറമേ മയിൽ ശല്യവും. കൃഷിയിടത്തിൽ മറ്റു മൃഗങ്ങളെക്കാൾ ശല്യമാകുകയാണ് ഇവ. 3 വർഷത്തിനിടെ മയിലുകളുടെ എണ്ണം കൂടി. മയിൽ ഭീഷണിയിൽ പച്ചക്കറി കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കരിമ്പ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് പാടത്ത് പറന്നിറങ്ങുന്ന മയിലുകൾ തിന്നുനശിപ്പിക്കുന്നത്. വെളുത്തുള്ളി തിന്നുന്നില്ല എന്നതാണ് ആശ്വാസം. പ്രദേശത്ത് നല്ല വിളവുള്ള സ്ട്രോബറി തോട്ടങ്ങൾ നെറ്റ് കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന മറ്റു കൃഷികൾ ഇത്തരത്തിൽ നെറ്റ് കെട്ടി സംരക്ഷിക്കുക അസാധ്യമാണ്.

കുരങ്ങുശല്യവും രൂക്ഷം
കുരങ്ങുശല്യവും മറയൂർ മേഖലയിലെ വലിയൊരു വിഭാഗം കർഷകരെ വലയ്ക്കുകയാണ്. വനമേഖലയോട് ചേർന്ന ഇടങ്ങളിൽ വാനരശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരൻമാർ കണ്ണിൽ കാണുന്നതെല്ലാം തിന്നുനശിപ്പിക്കും. തുരത്തിയാലും തിരിച്ചെത്തും. വാനരശല്യം അതിരൂക്ഷമായതോടെ ഒരു വിധത്തിലും കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
ചില കർഷകർ കൃഷി തന്നെ ഉപേക്ഷിച്ച് കഴിഞ്ഞു. അതിരാവിലെ കാടിറങ്ങിയെത്തുന്ന വാനരൻമാർ നേരം ഇരുളുമ്പോൾ കാട് കയറും. കൃഷിയിടം പൂർണമായി വാനരൻമാർ കയ്യടക്കുന്ന സ്ഥിതി കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വീടിനുള്ളിൽ ഇരിക്കുന്ന സാധനങ്ങൾ പോലും വാനരൻമാർ എടുത്തുകൊണ്ടു പോകുന്നതും വെല്ലുവിളിയാകുന്നു. തുരത്താൻ ശ്രമിച്ചാൽ ചില കുരങ്ങുകൾ ആക്രമണകാരികളാകുന്ന സാഹചര്യവുമുണ്ട്. വനത്തിനുള്ളിൽ തീറ്റയുടെ ലഭ്യത വർധിപ്പിച്ച് ജനവാസ മേഖലകളിലെ വാനരശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം.