ADVERTISEMENT

മറയൂർ∙ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വിമലനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വിരിക്കൊമ്പൻ എന്ന കാട്ടാനയാണെന്ന് ഒപ്പം ജോലിക്ക് എത്തിയ സോമൻ (54). പ്രദേശത്ത് അടുത്തകാലത്തായി ഈ കാട്ടാനയെ പതിവായി കാണാറുണ്ട്. ഗോപകുമാർ, പുഷ്പ, കന്നിയമ്മ, മുരുകൻ, കാർത്തിക്, ബിജു, ഉൾപ്പെടെ 9 പേർ അടങ്ങുന്ന സംഘമാണ് വനത്തിനുള്ള ഫയർലൈൻ തെളിക്കാനായി എത്തിയിരുന്നത്. എല്ലാവരും ചമ്പക്കാട് ആദിവാസി കുടിയിൽ ഉള്ളവരാണ്.

കാട് മനഃപാഠമാക്കിയ വിമലൻ
ചിന്നാർ വന്യജീവി സങ്കേതത്തിലെ എക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി) പ്രവർത്തനങ്ങൾക്കായി വനത്തിൽ എല്ലാ ജോലികൾക്കും മുന്നിട്ടിറങ്ങിയിരുന്ന വിമലൻ വനം വകുപ്പ് അധികൃതർ ഉൾപ്പെടെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. കാടിനെ നന്നായി അറിയുന്നതിനാൽ ഇത്തരം ജോലികൾക്ക് നേതൃത്വം ഏറ്റെടുക്കുന്നതും വിമലനാണ്. ചമ്പക്കാട് ആദിവാസി കുടിയിൽ താമസിക്കുന്നവർ എല്ലാവരും തന്നെ വനവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തുന്നത്.

എക്കോ ഡെവലപ്മെൻറ് കമ്മിറ്റിയിൽ അംഗമായ ഇവർക്കാണ് വനംവകുപ്പ് മുൻഗണന നൽകി വനത്തിനുള്ളിൽ എല്ലാ ജോലിയും നൽകുന്നതും. വർഷംതോറും വേനൽക്കാലം അടുക്കുമ്പോൾ കാട്ടുതീ പടരാതിരിക്കാൻ വനാതിർത്തിയിലും വനത്തിനുള്ളിൽ പ്രധാന പാതകളിലും 12 അടി വീതിയിൽ ഫയർലൈൻ തെളിച്ച് സംരക്ഷണം ഏർപ്പെടുത്തുന്നത് പതിവാണ്. ഇന്നലെ കള്ളിക്കാട് ഭാഗത്ത് ഫയർലൈൻ തെളിക്കുന്നതിനിടെയായിരുന്നു ആക്രമണം.

പ്രതിഷേധിച്ചാൽ അനുനയിപ്പിക്കും, പരിഹാരമില്ല
ചിന്നാർ വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന മറയൂർ കാന്തല്ലൂർ പഞ്ചായത്തിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് വനം വകുപ്പിനോട് സമാധാനപരമായും പ്രതിഷേധത്തിലൂടെയും പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധിക്കുമ്പോൾ സമാധാനപരമായ ചർച്ചകളിലൂടെ വാഗ്ദാനങ്ങൾ നൽകി പിരിച്ചുവിടും. മാസങ്ങൾക്കു മുൻപ് കാന്തല്ലൂർ പാമ്പൻപാറയിൽ കുഞ്ഞാപ്പിയെ(65) ആക്രമിച്ചപ്പോഴും റിസോർട്ട് പരിസരങ്ങളിലും കൃഷിത്തോട്ടങ്ങളിലും മാസങ്ങളോളം ആനകൾ തമ്പടിച്ച് നാശനഷ്ടം വരുത്തിയപ്പോഴും പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ മൂന്ന് ദിവസം നീണ്ടുനിന്ന രാപകൽ സമരത്തിനൊടുവിൽ അധികൃതർ സമവായ ചർച്ചയ്ക്ക് എത്തി. 

കലക്ടർ വിഡിയോ കോൺഫറൻസ് വഴിയും ദേവികുളത്തു നിന്ന് എത്തിയ റവന്യു വകുപ്പ് അധികൃതരും സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടു. വനാതിർത്തിയിൽ ഫെൻസിങ് നിർമാണം, 24 മണിക്കൂറും വണ്ടി, മൃഗങ്ങൾ കൃഷിത്തോട്ടത്തിൽ ഇറങ്ങാതിരിക്കാൻ ആർആർടി ടീം, വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷാ സംവിധാനം, കർഷകർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ഒട്ടേറെ വാഗ്ദാനങ്ങൾ ആണ് അന്ന് നൽകിയത്. എന്നാൽ ഇതിൽ ഒന്നും നടപ്പായില്ല. വനാതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കാന്തല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു

കഴിഞ്ഞദിവസം മറയൂർ കാന്തല്ലൂർ റോഡിൽ നാത്തപ്പാറ ഭാഗത്ത് റോഡരികിലൂടെ മേഞ്ഞു നടന്ന ഭീമൻ കാട്ടുപോത്തുകൾ.
കഴിഞ്ഞദിവസം മറയൂർ കാന്തല്ലൂർ റോഡിൽ നാത്തപ്പാറ ഭാഗത്ത് റോഡരികിലൂടെ മേഞ്ഞു നടന്ന ഭീമൻ കാട്ടുപോത്തുകൾ.

ഭീതിയുണർത്തി കാട്ടുപോത്തും
വേനൽക്കാലമാകുന്നതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന ജനങ്ങളുടെ വാക്കിന് വിലയില്ലാതായി. സംരക്ഷണം ഉറപ്പാക്കുമെന്നുള്ള വനം വകുപ്പിന്റെ വാക്കും പാഴ്‍വാക്കായി. മഴനിഴൽ പ്രദേശമായ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ മഴ കുറവായതോടെ വന്യമൃഗങ്ങൾ ചൂട് സഹിക്കാതെയും തീറ്റ തേടിയുമാണ് വനാർത്തികടന്ന് കാർഷിക മേഖലയിലേക്കും ജനവാസ മേഖലയിലേക്കും എത്തുന്നത്.

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം മറയൂർ – കാന്തല്ലൂർ റോഡിൽ നാത്തപാറ ഭാഗത്ത് റോഡരികിലൂടെ മേഞ്ഞു നടന്ന ഭീമൻ കാട്ടുപോത്തുകളെ കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. മണിക്കൂറുകൾക്കു ശേഷമാണ് ഇവ പിന്മാറിയത്. ഇതെല്ലാം ഇപ്പോഴും കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് കാന്തല്ലൂർ പുതുക്കാട് ഭാഗത്ത് ഒറ്റയാൻ കാട്ടാനയിറങ്ങി സ്ട്രോബറി കൃഷി നശിപ്പിച്ചിരുന്നു.

ചിറ്റുവര എസ്റ്റേറ്റിൽ കടുവയിറങ്ങി
മൂന്നാർ∙ ചിറ്റുവര എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലി ചെയ്യുന്നതിനു സമീപം കടുവയിറങ്ങി. ചിറ്റുവര ഒസി ഡിവിഷനിൽ ബുധനാഴ്ച രാവിലെ 11.30നാണ് കടുവയിറങ്ങിയത്.കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികൾ നോക്കിനിൽക്കെയാണ് കടുവ സമീപത്തെ പാറപ്പുറത്ത് കയറിയത്. തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കടുവ പാറപ്പുറത്തു നിന്നു ചാടി സമീപത്തെ കാട്ടിലേക്കു പോയി.

ചിറ്റുവര ഒസി ഡിവിഷനിൽ ഇറങ്ങിയ കടുവ
ചിറ്റുവര ഒസി ഡിവിഷനിൽ ഇറങ്ങിയ കടുവ

രണ്ടു ദിവസം മുൻപ് കന്നിമല ടോപ് ഡിവിഷനിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുൻപിലേക്ക് കടുവ ചാടിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ പി.നടരാജന്റെ മേയാൻ വിട്ടിരുന്ന കറവപ്പശുവിനെ കടുവ കടിച്ചു കൊന്നിരുന്നു. വേനൽ കടുത്തതോടെ തോട്ടം മേഖലയിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

English Summary:

Wild elephant attack kills woman in Marayoor. The incident occurred in Chinnakanal Wildlife Sanctuary, where Virikkomban, a known rogue elephant, attacked a group clearing a fireline.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com