ഓട്ടോറിക്ഷാ ഡ്രൈവറുടെ പല്ല് അടിച്ചുപൊട്ടിച്ച് പൊലീസ് ഓഫിസർ

Mail This Article
നെടുങ്കണ്ടം ∙ പുതുവത്സരാഘോഷത്തിനിടെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മർദിച്ചു പരുക്കേൽപിച്ചതായി ഓട്ടോ ഡ്രൈവറുടെ പരാതി. ജില്ലാ പൊലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ആക്ഷേപം. നെടുങ്കണ്ടം കൂട്ടാറിലെ ഓട്ടോ ഡ്രൈവറായ ചേരിക്കുന്നേൽ മുരളീധരനാണു (56) പരാതിക്കാരൻ.ഡിസംബർ 31നു രാത്രി പതിനൊന്നോടെ കൂട്ടാറിൽ നടന്ന ആഘോഷപരിപാടികൾക്കിടെ സ്ഥലത്തെത്തിയ കമ്പംമെട്ട് എസ്എച്ച്ഒ ഷമീർഖാനും സംഘവും പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് അസഭ്യം പറഞ്ഞെന്നും പ്രകോപനമില്ലാതെ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്തെന്നാണു പരാതി.
അടിയുടെ ആഘാതത്തിൽ മുരളീധരന്റെ മുൻനിരയിലെ ഒരു പല്ലൊടിഞ്ഞു. ആശുപത്രിച്ചെലവു നൽകാമെന്നു പറഞ്ഞ് ഒത്തുതീർപ്പിനും പൊലീസ് ശ്രമിച്ചതായി പരാതിയുണ്ട്. എന്നാൽ തുക നൽകിയില്ല.ജനുവരി 16നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. മൊഴിയെടുത്തതല്ലാതെ പിന്നീടു നടപടിയൊന്നുമുണ്ടായില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ 27നു പൊലീസിനു കൈമാറിയിരുന്നു. ഡിഐജി ഉൾപ്പെടെയുള്ളവർക്കും മനുഷ്യാവകാശ കമ്മിഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.
അതേസമയം, രാത്രിയിൽ റോഡിൽ തടസ്സം സൃഷ്ടിച്ച് പടക്കം പൊട്ടിച്ചെന്നുള്ള പരാതിയെത്തുടർന്നു സ്ഥലത്തെത്തിയെന്നാണു പൊലീസ് പറയുന്നത്.സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, എഎസ്പിക്കു നിർദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.