സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 2 മാസം; തൊടുപുഴ നഗരസഭയുടെ പദ്ധതികൾ താളംതെറ്റുന്നു
Mail This Article
തൊടുപുഴ ∙ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കെ തൊടുപുഴ മുനിസിപ്പാലിറ്റി സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 30 ശതമാനം മാത്രം. മുൻ അസി. എൻജിനീയർ കൈക്കൂലി കേസിൽ അറസ്റ്റിലായതിനുശേഷം അസി. എൻജിനീയറെ തൊടുപുഴയിൽ നിയമിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു രാഷ്ട്രീയ ഭേദം കൂടാതെ കൗൺസിലർമാർ സമരം സംഘടിച്ചപ്പോൾ ചെയർപഴ്സനും സിപിഎം നേതാക്കളും രംഗത്തുവന്നിരുന്നു.ചില കൗൺസിലർമാരുടെ ഇടപെടലിൽ റിട്ട. എൻജിനീയർ നിയമിതനായെങ്കിലും വകുപ്പുതല അന്വേഷണ–പരിശോധന ഉദ്യോഗസ്ഥരുടെ മോശം സമീപനത്താൽ തുടരാൻ കഴിയില്ലെന്ന് ചെയർപഴ്സനെ അറിയിച്ചു. സിപിഎം ജില്ലാ സമ്മേളനം പൂർത്തിയാക്കുന്നത് വരെ തുടരാനാണ് ചെയർപഴ്സൻ നിർദേശിച്ചത്.
പുതിയ ചെയർപഴ്സൻ ആദ്യമായി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സ്റ്റാഫ് മീറ്റിങ്ങിൽ നഗരസഭയിലെ ജീവനക്കാർ നഗരസഭയിൽ എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർ ചില ഹിഡൻ അജൻഡകൾ നടപ്പിലാക്കാൻ മാനസികമായി പീഡിപ്പിക്കുന്നതായും എൻജിനീയറിങ് വിഭാഗത്തെ മാത്രം ഉന്നംവയ്ക്കുന്നതായും ആരോപണം ഉന്നയിച്ചു. ടാറിങ്ങിനായി വിവിധ വാർഡുകളിൽ റോഡുകൾ പൊളിച്ചിട്ടിട്ട് ആഴ്ചകളായിട്ടും എൻജിനീയറുടെ അഭാവത്തിൽ ജോലി പൂർത്തിയാക്കാത്തിനാൽ കൗൺസിലർമാർ വലിയ ആക്ഷേപം നേരിടുകയാണ്. നഗരസഭയിലെ തെരുവു വിളക്കുകളിൽ ഭൂരിഭാഗവും വർഷങ്ങളായി തെളിയാത്ത അവസ്ഥയാണ്.
തെരുവുവിളക്ക് ടെൻഡർ കൗൺസിൽ അംഗീകരിച്ചെങ്കിലും എഗ്രിമെന്റ് വയ്ക്കുകയോ വർക്ക് ഓർഡർ നൽകുകയോ ചെയ്തില്ല. നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് നടന്നിരുന്നു. അതിന് പുറമേ ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്തരുടെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്ന് അവശരായ ചില ഉദ്യോഗസ്ഥർ ലീവിൽ പ്രവേശിക്കുകയും മറ്റു ചില ജീവനക്കാർ മേലുദ്യോഗസ്ഥർക്ക് പരാതി സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ ചെയർപഴ്സൻ വന്നിട്ട് 5 മാസം കഴിഞ്ഞിട്ടും ഒരു അസി. എൻജിനീയറെ കൊണ്ട് വരാൻ സാധിക്കാത്തതും വന്ന എൻജിനീയർമാരും ഉദ്യോഗസ്ഥരും ജോലി സമ്മർദംമൂലം പോകാൻ ഒരുങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.