വെള്ളാരംകുന്ന്-പത്തുമുറി റോഡ് തകർന്നു; ഈ നാട്ടുകാർ ചുറ്റേണ്ടത് 6 കിലോമീറ്റർ

Mail This Article
വെള്ളാരംകുന്ന് ∙ റോഡ് തകർന്നിട്ട് വർഷങ്ങളായി, നന്നാക്കാൻ നടപടിയില്ല. വെള്ളാരംകുന്ന്- പത്തുമുറി റോഡാണ് തകർന്നുകിടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഏറെ ക്ലേശം സഹിച്ചാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് മാത്രമല്ല വാഹനങ്ങൾക്ക് അടിക്കടി അറ്റകുറ്റപ്പണികളുമാകും എന്നതാണ് അവസ്ഥ. ടാറിങ് ഇളകി രൂപപ്പെട്ട കുഴികൾക്ക് പുറമേ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചത് ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. വെള്ളാരംകുന്നിൽനിന്ന് പത്തുമുറി വരെ ഏകദേശം 4 കിലോമീറ്ററാണുള്ളത്.
ചെറുകിട കൃഷിക്കാരും സാധാരണക്കാരുമായ ആളുകളാണ് ഇവിടെയുള്ളത്.റോഡിന്റെ ദുരവസ്ഥമൂലം പലരും 6 കിലോമീറ്റർ ചുറ്റി പത്തുമുറി - ആനവിലാസം റൂട്ടിൽ ചേലച്ചുവട് ജംക്‌ഷൻ വഴിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. വെള്ളാരംകുന്ന് സ്കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളുടെ ആശ്രയമായ റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് ഈ റോഡിന് ഫണ്ട് അനുവദിച്ചു എന്നു പറയുന്നതല്ലാതെ തുടർ നടപടികളൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.