ആ കുരുന്നുകൾ ഇനിയുറങ്ങും, സുരക്ഷിത ഭവനങ്ങളിൽ; വീട് നിർമിച്ച് നൽകാൻ നേതൃത്വം കൊടുത്ത് അധ്യാപിക

Mail This Article
കട്ടപ്പന∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ 4 വിദ്യാർഥികൾക്കായി പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ രണ്ടു വീടുകൾ നിർമിച്ചു നൽകി. വീടുകളുടെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 1.30നു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നിർധന കുടുംബങ്ങളുടെ ദുരവസ്ഥ വാർത്തകളിലൂടെയും ഭവന സന്ദർശനത്തിലൂടെയുമാണ് അധ്യാപിക മനസ്സിലാക്കിയത്. മറ്റപ്പള്ളി മേഖലയിലെ 2 വിദ്യാർഥികൾ പ്ലാസ്റ്റിക് മേൽക്കൂരയുള്ള നനഞ്ഞൊലിക്കുന്ന ഷെഡിലാണ് താമസിച്ചിരുന്നത്. മുരിക്കാട്ടുകുടി മേഖലയിലെ 2 കുട്ടികൾ കാലപ്പഴക്കത്താൽ നിലംപൊത്താറായ ഷെഡിലാണ് കഴിഞ്ഞിരുന്നത്. ഇത് അപകടാവസ്ഥയിലായതോടെ ഈ കുടുംബം വാടക വീട്ടിലേക്കു മാറിയിരുന്നു. രണ്ട് നിർധന കുടുംബങ്ങൾ ദുരിതജീവിതം നയിക്കുന്നത് മനസ്സിലാക്കിയാണ് ഇരു കുടുംബങ്ങൾക്കും വീടു നിർമിച്ചു നൽകാൻ ലിൻസി ജോർജ് മുന്നിട്ടിറങ്ങിയത്.
റിയാദിൽ ഉദ്യോഗസ്ഥരായ പെരുമ്പടവം സ്വദേശികളായ പുത്തേർകുടിലിൽ ബിജുവും ഭാര്യ സാലിയും നിർമാണത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയതോടെയാണ് ഇരു വീടുകളും പൂർത്തിയാക്കാനായത്. പ്രതികൂല കാലാവസ്ഥയിലും സിമന്റും ഇഷ്ടികയും മണലും മറ്റു നിർമാണ സാമഗ്രികളും ചുമന്ന് എത്തിക്കാൻ കട്ടപ്പന എസ്എംവൈഎം ഫൊറോന പ്രവർത്തകരും ലബ്ബക്കട ജെപിഎം കോളജിലെ എൻഎസ്എസ് വൊളന്റിയർമാരും മുരിക്കാട്ടുകുടി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം പ്രവർത്തകരും ഒത്തുചേർന്നതോടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാനായി.സുമനസ്സുകളുടെ സഹായത്തോടെ 8 വീടുകളാണ് ഇതുവരെ ലിൻസി ജോർജിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകിയത്. വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിക്കും.