കാട്ടാനയുടെ ആക്രമണത്തിൽ മരണം: കുടുംബത്തിന് സഹായധനം കൈമാറി

Mail This Article
മറയൂർ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചമ്പക്കാട് സ്വദേശി വിമലന്റെ കുടുംബത്തിനു വനംവകുപ്പ് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം രൂപയ്ക്കൊപ്പം സമാശ്വാസധനമായ ഒന്നര ലക്ഷം രൂപയും കുടുംബത്തിനു കൈമാറി. വിമലന്റെ സംസ്‌കാര ചടങ്ങുകൾ ചമ്പക്കാട് ആദിവാസി കുടിയിൽ നടന്നു.കഴിഞ്ഞദിവസം രാവിലെയായിരുന്നു മറയൂർ ചമ്പക്കാട് സ്വദേശിയായ വിമലൻ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫയർ ലൈൻ തെളിക്കുന്ന ജോലികൾക്കായി പോകുന്നതിനിടയിൽ വിമലനടങ്ങുന്ന സംഘത്തെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു.
എ.രാജ എംഎൽഎ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ, റേഞ്ച് ഓഫിസർമാരായ പി.രാജശേഖരൻ, നിതിൻ ലാൽ, അനന്തപത്മനാഭൻ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.തങ്കച്ചൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ്, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ മുൻ എംഎൽഎ എ.കെ. മണി സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ എന്നിവർ പങ്കെടുത്തു. ത്രിതല പഞ്ചായത്തംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥരും ചമ്പക്കാട് കുടിയിൽ എത്തിയിരുന്നു. മരണപ്പെട്ട വിമലന്റെ മകനെ സ്ഥിരം വാച്ചറായി നിയമിക്കുന്നതിനു തുടർ ഇടപെടലുകൾ നടത്തുമെന്ന് എ.രാജ പറഞ്ഞു.