ADVERTISEMENT

തൊടുപുഴ∙ നൂറു കണക്കിന് പേജുകളുള്ള ബജറ്റ് പ്രസംഗത്തിൽ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇടം പിടിച്ചിട്ടുള്ളത് വിരലിൽ എണ്ണാവുന്ന പേജുകളിൽ മാത്രം. ജില്ലയിലെ ജനങ്ങൾ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജില്ലയിലെ ആരോഗ്യമേഖലയുടെ വികസനത്തെ തഴഞ്ഞ ബജറ്റിൽ വേനലിൽ കോടിക്കണക്കിനു രൂപയുടെ കൃഷി നഷ്ടപ്പെട്ട കർഷകരെ പരാമർശിച്ചിട്ടു പോലുമില്ല. 

ആറാം വർഷം ആവിയായി ഇടുക്കി പാക്കേജ്
കഴിഞ്ഞ അഞ്ചുവർഷമായി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് ജില്ലയെ പ്രതീക്ഷയുടെ വക്കിൽ നിർത്തിയ ബജറ്റ് പ്രസംഗങ്ങളാണ് നടന്നിരുന്നതെങ്കിൽ ഇന്നലത്തെ ബജറ്റിൽ ഇടുക്കി പാക്കേജിനെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. 2023ലും 24ലും 75 കോടിയാണ് ഇടുക്കി പാക്കേജിനായി നീക്കിവച്ചിരുന്നത്. ജനുവരി അവസാന വാരം മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടുക്കി പാക്കേജ് അവലോകന യോഗം ചേർന്നിരുന്നു. 2019ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ഇടുക്കിക്കായി പ്രഖ്യാപിച്ചത്. കോവിഡ് മൂലം പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന കാരണം പറഞ്ഞ് 2020ലെ ബജറ്റിൽ ഇത് 1,000 കോടിയായി ചുരുക്കി.

ഈ പാക്കേജും നടപ്പായില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ നേരിട്ടെത്തി 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ പ്രഖ്യാപനവും ആവിയായി. 2022ൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇടുക്കി പാക്കേജിനെപ്പറ്റി ആലോചിക്കാൻ യോഗം ചേർന്നെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് ചില റോഡുകൾ മാത്രം ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തി. എന്നാൽ ഇത് 10 കോടി രൂപയിൽ താഴെമാത്രം.രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ 75 കോടി രൂപ അനുവദിച്ചെങ്കിലും പ്രത്യക്ഷമായ പദ്ധതികളോ തുക വിനിയോഗമോ ഉണ്ടായിട്ടില്ല. പിന്നീട് 2023ലും 2024ലും പതിവു പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതും ഇന്നലത്തെ നിശ്ശബ്ദതയും  ഇടുക്കി പാക്കേജ് വെറും പ്രഹസനമാണെന്ന് തെളിയിക്കുകയാണെന്നാണ് ജനങ്ങളുടെ പക്ഷം.

മെഡിക്കൽ കോളജ് കാത്തിരിക്കണം
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിൽ നിൽക്കുന്ന ഇടുക്കി മെഡിക്കൽ കോളജിന്റെ വികസനത്തിനായി പണം അനുവദിച്ചിട്ടില്ല. ഗവ. നഴ്സിങ് കോളജിനായി ഹോസ്റ്റലും ക്ലാസ് മുറികളും ഒരുക്കേണ്ടതും ബജറ്റ് മറന്നു. കഴിഞ്ഞ വർഷം വേനലിൽ 10 കോടി രൂപയ്ക്കു മുകളിൽ നഷ്ടം ജില്ലയിലെ ഏലം കർഷകർ അനുഭവിച്ചു. ഇത്തവണയും വേനൽ അടുക്കുന്ന സാഹചര്യത്തിലും കർഷകർക്കായി വമ്പൻ പ്രഖ്യാപനങ്ങളില്ല. പ്രാദേശിക ടൂറിസത്തിന് ഒട്ടേറെ സാധ്യതകളുള്ള ഇടുക്കിയിൽ അത്തരം സ്പോട്ടുകളുടെ വികസനത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം നടത്തി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി 4 വർഷം കഴിഞ്ഞിട്ടും ഇടുക്കി ആയുർവേദ മെഡിക്കൽ കോളജ് നിർമാണം ആരംഭിച്ചിട്ടില്ല. അതിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. മലയോര മേഖലയിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപനങ്ങളില്ല. തൊടുപുഴയിൽ സ്റ്റേഡിയം എന്ന സ്വപ്നം ഈ വർഷവും നടപ്പാകില്ലെന്ന് ഉറപ്പായി.

പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ
∙ കേരളത്തിൽ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സാധ്യത പ്രയോജനപ്പെടുത്താൻ കെ–ഹോംസ് പദ്ധതി. മൂന്നാറിന് 10 കിലോ മീറ്റർ ചുറ്റളവിലാണ് പദ്ധതി. സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പദ്ധതി നടപ്പിലാക്കാൻ 5 കോടി അനുവദിച്ചു. മൂന്നാറിന് 1.25 കോടി കിട്ടാൻ സാധ്യത.
∙ സീപ്ലെയ്ൻ ടൂറിസം ഹെലിപ്പോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ 20 കോടി രൂപ. ജില്ലയ്ക്ക് പ്രതീക്ഷ.
∙ സുഗന്ധവിള വികസന പദ്ധതി തുക 4.60 കോടിയിൽ നിന്ന് 7.60 കോടിയായി കൂട്ടി.
∙ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിളനാശത്തിനു നൽകി വരുന്ന വിള ഇൻഷുറൻസിനു പദ്ധതിയുടെ സർക്കാർ വിഹിതമായി 33.14 കോടി രൂപ.
∙ പ്രോജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആന സങ്കേതങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിനായി 3.50 കോടി രൂപ.
∙ മൂവാറ്റുപുഴ ജലസേചന പദ്ധതിക്കായി 10 കോടി രൂപ. 
∙ വൈദ്യുതി ഉൽപാദനം കൂട്ടാൻ പമ്പ്സ് ആൻഡ് സ്റ്റോറേജ് പദ്ധതി വിപുലമാക്കാൻ 100 കോടി രൂപ.
∙ ചെറുതോണിയിൽ കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കുന്നതിന് 2 കോടി രൂപ.
∙ എയർസ്ട്രിപ്പിന്റെ വിശദ പദ്ധതി രേഖ തയാറാക്കാൻ 50 ലക്ഷം രൂപ. ഉഡാൻ പദ്ധതിയുമായി ചേർന്നു സീപ്ലെയ്ൻ വാട്ടർ എയ്റോഡ്രോം സൗകര്യങ്ങളും ചെറുവിമാനത്താവളങ്ങളും വികസിപ്പിക്കാൻ 50 കോടി രൂപ.  
∙ മൂലമറ്റം – നാടുകാണി പവിലിയൻ കേബിൾ കാർ പദ്ധതി പിപിപി മോഡലിൽ നടപ്പാക്കാൻ 3 കോടി രൂപ. 
∙ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ മൂന്നാറിലും കണ്ണൂരിലെ പാലയാടും തിയറ്റർ നിർമാണത്തിന് 3 കോടി രൂപ. 
∙ ഇടുക്കി ജില്ലയിൽ കുട്ടികൾക്കുള്ള ഗവ. കെയർ ഹോം സ്ഥാപിക്കുന്നതിന് 3 കോടി രൂപ.

English Summary:

Idukki package sees little focus in the Kerala budget, neglecting healthcare and agricultural needs. Prominent projects, including local tourism and infrastructure, face unfulfilled promises.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com