വെങ്ങല്ലൂർ-മങ്ങാട്ടുകവല പാതയിൽ കെണിയൊരുക്കി വിള്ളൽ

Mail This Article
തൊടുപുഴ ∙ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ മഠത്തികണ്ടം പെട്രോൾ പമ്പിനു സമീപത്തെ റോഡിനു നടുവിലുള്ള വലിയ വിള്ളൽ അപകടങ്ങൾക്കു കാരണമാകുന്നു. വൃത്താകൃതിയിൽ രൂപപ്പെട്ട വിള്ളലിന്റെ പല ഭാഗവും കുഴിയായി തുടങ്ങി.ഇതാണ് ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയാകുന്നത്.
മധ്യഭാഗത്തായതിനാൽ രാത്രികാലങ്ങളിൽ കുഴിയിലകപ്പെട്ടു വാഹനങ്ങൾ തെന്നിമാറിയാറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. പകൽ സമയത്തു വിള്ളലും കുഴിയും നേരെ കാണാം എന്നതു യാത്രക്കാർക്കു രക്ഷയേകുന്നു. വിള്ളൽ ഉണ്ടായ ഭാഗം മുതൽ ഏകദേശം 2 മീറ്ററോളം റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയ റോഡ് നിർമാണമാണ് ഇതിനു കാരണം.
രണ്ടാഴ്ച മുൻപു നാലുവരിപ്പാതയിലെ മറുവശത്ത് റീ ടാറിങ് ചെയ്തെങ്കിലും അധികൃതർ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു യാത്രക്കാരുടെ പരാതി. നിലവിൽ നാലുവരിപ്പാത എന്നു പേരു മാത്രമാണുള്ളത്.കുണ്ടും കുഴിയും വിള്ളലും മാത്രമാണു പാതയിലുള്ളത്. അതിനാൽ ഇതുവഴിയുള്ള യാത്ര അത്ര സുഗമമല്ല. വിള്ളൽ ഉൾപ്പെടെ ശരിയാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഫ്യൂസ് കുത്താൻ ആളില്ല;വെളിച്ചവുമില്ല
നാലുവരിപ്പാതയിലെ മഠത്തികണ്ടം ജംക്‌ഷന് ഉൾപ്പെടെയുള്ള ഭാഗത്തായി 30 വഴിവിളക്കുകൾ ഉള്ളതിൽ 15 എണ്ണം പ്രകാശിക്കുന്നവയാണ്. എന്നാൽ ഇവ തെളിയണമെങ്കിൽ ഫ്യൂസ് കുത്തണം എന്നതാണ് ടാസ്ക്. ഫ്യൂസ് കുത്താൻ ആളില്ലാത്തതിനാൽ ഇവിടെ ലൈറ്റും തെളിയാറില്ല.ജനങ്ങളുടെ പരാതി കേട്ട് മടുത്ത വാർഡ് കൗൺസിലറാണ് സമയം കിട്ടുമ്പോഴെല്ലാം ഫ്യൂസ് കുത്തുന്നത്. എന്നാൽ കൗൺസിലർ തിരക്കിലായാൽ പ്രദേശം ഇരുട്ടിലാകും. അതേസമയം പനി കാരണം ഒരാഴ്ചയായി ഫ്യൂസ് കുത്താൻ പോകാറില്ലെന്നും ഒട്ടേറെ പേരാണ് വെളിച്ചം ഇല്ലാതെ ഫോണിൽ വിളിക്കുന്നതെന്നു വാർഡ് കൗൺസിലർ സഫിയ ജബ്ബാർ പറഞ്ഞു.