കർഷകർക്ക് ആശ്വാസം; ലീറ്ററിന് 8 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് മിൽമ
Mail This Article
നെടുങ്കണ്ടം∙ ക്ഷീരകർഷകർക്ക് താത്കാലികാശ്വാസം- ലീറ്ററിന് 8 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് മിൽമ. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ജില്ലയിലെ ക്ഷീര സംഘങ്ങൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക സംഘം ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 11മുതൽ നൽകി വന്നിരുന്ന അഞ്ച് രൂപയുടെ ഇൻസെന്റീവ് ജനുവരി 31ന് അവസാനിപ്പിച്ചിരുന്നു. ഇതോടെ ആശങ്കയിലായിരുന്ന കർഷകർക്ക് ഏറെ ആശ്വാസമാണ് നിലവിലെ തീരുമാനം.
എറണാകുളം യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന ഓരോ സഹകരണ സംഘത്തിനും ലീറ്റർ ഒന്നിന് 15 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്. ഇതിൽ എട്ട് രൂപ കർഷകർക്കും ആറു രൂപ സംഘങ്ങളുടെ നടത്തിപ്പിനു വേണ്ടിയും ഒരു രൂപ സംഘങ്ങളുടെ യൂണിയൻ ഓഹരി മൂലധനത്തിലേക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഉൽപാദന ചെലവ് കൂടുകയും ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യുന്ന വേനൽ കാലത്ത് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നാണ് കർഷകർ പറയുന്നത്.
ജില്ലയുടെ പ്രധാന വരുമാന മാർഗമായ ക്ഷീര മേഖലയിൽ കർഷകരെയും ക്ഷീര സംഘങ്ങളെയും പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ ഉണ്ടാവണം. നിലവിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കിയും നൂതന പദ്ധതികൾ ആവിഷ്കരിച്ചും കൂടുതൽ കർഷകരെ മേഖലയിലേക്ക് ആകർഷിച്ചില്ലെങ്കിൽ ജില്ലയുടെ പാൽ ഉൽപാദനം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. കൂടാതെ ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.