മൂന്നാറിൽ കുളിരുകാലം; 10 വർഷത്തിനിടയിൽ ആദ്യമായി ഫെബ്രുവരി രണ്ടാം വാരത്തിൽ താപനില മൈനസ് ഒന്ന്

Mail This Article
മൂന്നാർ∙ ഫെബ്രുവരി പകുതിയാകാറായിട്ടും മൂന്നാറിൽ കുളിരു കുറയുന്നില്ല. താപനില മൈനസ് ഒന്നിലെത്തി. ചെണ്ടുവര എസ്‌റ്റേറ്റിലാണ് ഇന്നലെ രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില. ലക്ഷ്മി, സൈലന്റ്‌വാലി എന്നിവിടങ്ങളിൽ രണ്ടും ദേവികുളത്ത് ഒന്നും ഉപാസി, നല്ലതണ്ണി, മൂന്നാർ ടൗൺ, സെവൻമല എന്നിവിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.
കഴിഞ്ഞ 27 നും ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായാണ് ഫെബ്രുവരി രണ്ടാം വാരത്തിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വിദഗ്‌ധർ പറഞ്ഞു. താപനില മൈനസ് ഒന്നിലെത്തിയതിനെ തുടർന്ന് ചെണ്ടുവര എസ്റ്റേറ്റിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ മഞ്ഞു പുതഞ്ഞു കിടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാർ മേഖലയിൽ രാത്രിയിലും പുലർച്ചെയും തണുപ്പ് ശക്തമായി തുടരുകയാണ്.