ADVERTISEMENT

മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയതായിരുന്നു മന്ത്രി. 

ഡബിൾ ഡെക്കർ ബസ് തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്ന് ആരോപിച്ചായിരുന്നു ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്തു മാറ്റി.ടാക്സിക്കാരുടെ കൊള്ള അവസാനിപ്പിക്കുന്നതിനായി വിനോദസഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മിനി ബസ് സർവീസുകൾ ആരംഭിക്കും. പഴയ മൂന്നാറിൽ കെഎസ്ആർടിസി ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത് രാജ്യാന്തര നിലവാരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കുമെന്നും ഇതിനായി താൽപര്യപത്രം ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. 

എ.രാജാ എംഎൽഎ, കെഎസ്ആർടിസി എംഡി പി.എസ്.പ്രമോജ് ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, കെഎസ്ആർടിസി സെൻട്രൽ സോൺ ഡിടിഒ ടി.എ.ഉബൈദ്,യൂണിറ്റ് ഓഫിസർ എൻ.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം മന്ത്രിയും സംഘവും ഡബിൾ ഡെക്കർ ബസിൽ ദേവികുളം റൂട്ടിൽ യാത്ര ചെയ്തു. ഈ സമയം പഴയ മൂന്നാറിലെ പാതയോരത്തു നിന്നിരുന്ന ടാക്സി ഡ്രൈവർമാർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇന്നലെ രാവിലെ ഡിപ്പോയ്ക്കു മുൻപിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ടിക്കറ്റ് നിരക്ക്
∙ രണ്ടു നിലകളിലായുള്ള ബസിൽ 50 സീറ്റുകളും 5 പേർക്കിരിക്കാവുന്ന ഒരു ബെർത്തുമാണുള്ളത്. മൂന്നാറിൽ നിന്നു ദേവികുളം, ഗ്യാപ് റോഡ് വഴി പെരിയ കനാൽ വരെയാണു ട്രിപ്. ദിവസേന 3 ട്രിപ്പുകൾ. രാവിലെ 7, 10, ഉച്ചകഴിഞ്ഞ് 3.30 എന്നീ സമയങ്ങളിലാണു ട്രിപ്പുകൾ. മുകൾനിലയിൽ 400 രൂപയും താഴെ 200 രൂപയുമാണു ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

English Summary:

Munnar taxi drivers protested the launch of the KSRTC Royal View double-decker bus, fearing for their livelihoods. Minister Ganesh Kumar responded by ordering an inspection of all taxi documents and arresting the protesters.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com