ഈർക്കിൽ ഉപയോഗിച്ച് കൂറ്റൻ സ്രാവിന്റെ രൂപം നിർമിച്ച് രാജേഷ്; 7 മാസത്തെ പ്രയത്നം

Mail This Article
അടിമാലി ∙ ഈർക്കിൽ ഉപയോഗിച്ച് കൂറ്റൻ സ്രാവിന്റെ രൂപം നിർമിച്ച് ജനശ്രദ്ധ നേടുകയാണ് കൊന്നത്തടി പഞ്ചായത്തിലെ കരിമല പാറയ്ക്കൽ രാജേഷ്. 14 അടി നീളമുള്ള സ്രാവിന്റെ രൂപമാണ് 7 മാസത്തെ പ്രയത്നത്തെ തുടർന്ന് രാജേഷ് നിർമിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ പണികൾക്കിടയിൽ ലഭിക്കുന്ന സമയം ഉപയോഗിച്ചാണ് രാജേഷ് തന്റെ കരവിരുത് തെളിയിച്ചത്. കഴിഞ്ഞ 20 വർഷമായി ഈർക്കിൽ ശിൽപങ്ങൾ നിർമിച്ച് ജനശ്രദ്ധ നേടുന്ന യുവ കർഷകനാണ് രാജേഷ്. 10 അടിയിലേറെ നീളമുള്ള മുതല, ദിനോസർ കപ്പൽ എന്നിവ എടുത്തു പറയേണ്ട കലാസൃഷ്ടിയാണ്.
കൂടാതെ സിംഹം. പരുന്ത്, ആമ, തെങ്ങ് തുടങ്ങിയുള്ള സൃഷ്ടികളും ഈർക്കിൽ ഉപയോഗിച്ച് ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. തെങ്ങിൽ നിന്ന് കൃഷിയിടത്തിൽ വീണു ലഭിക്കുന്ന ഈർക്കിൽ തികയാത്ത സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ചൂൽ വാങ്ങിയാണ് ഇദ്ദേഹം ഈർക്കിൽ ക്ഷാമം പരിഹരിക്കുന്നത്. ഇതിനു വേണ്ടി വലിയ തുക മുടക്കേണ്ടി വരുന്നുണ്ടെങ്കിലും പിൻവാങ്ങാൻ രാജേഷ് ഒരുക്കമല്ല. താൻ നിർമിച്ചിരിക്കുന്ന സാമഗ്രികളുടെ ഒരു മ്യൂസിയം തുടങ്ങണമെന്ന ആഗ്രഹമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.