പകൽച്ചൂട് കൂടുന്നതിനിടെ പനിച്ചൂടും; ചിക്കൻപോക്സ്, മുണ്ടിനീര് ബാധിതരുടെ എണ്ണത്തിലും വർധന

Mail This Article
തൊടുപുഴ ∙ പകൽച്ചൂട് കൂടുന്നതിനിടെ ജില്ലയെ വിടാതെ പനിച്ചൂടും. പ്രതിദിന പനിക്കണക്കുകൾ ഉയർന്നുതന്നെ തുടരുകയാണ്. ചിക്കൻപോക്സ്, മുണ്ടിനീര് ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നിവയും ജില്ലയിൽ ഈ മാസം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1421 പേർ വൈറൽ പനിയെത്തുടർന്നു ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. പനി മാറിയാലും ചുമ വിട്ടുമാറാതെ തുടരുന്നതു പലരെയും അലട്ടുകയാണ്.
രാത്രി തണുപ്പും പകൽ കൂടുതൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമാണു ഇപ്പോൾ വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണു നിഗമനം. തണുപ്പിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതും ശരീരം പകൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാത്തതുമാണ് രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത്. വൈറൽ പനി, ശ്വാസകോശ അണുബാധ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. പനി നിസ്സാരമായി കാണാതെ വേഗം ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ നിർദേശിക്കുന്നു. ഈ മാസം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 21 പേർക്ക് ചിക്കൻപോക്സും 33 കുട്ടികൾക്കു മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്ക രോഗങ്ങളെത്തുടർന്നു 195 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഈ മാസം ചികിത്സ തേടി.