ജല അതോറിറ്റീ, കുഴി മൂടാതെ എങ്ങനെ ടാറിങ് നടത്തും?

Mail This Article
വണ്ണപ്പുറം∙ വണ്ണപ്പുറം– തൊമ്മൻകുത്ത് റോഡിൽ ടാറിങ് തുടങ്ങിയെങ്കിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാക്കിയിട്ട് കുഴി പൂർണമായും മൂടാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതി. ഇതോടെ ഈ ഭാഗം ടാർ ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇതുമൂലം 250 മീറ്റർ ഭാഗത്തെ റോഡാണ് തകർന്നുകിടക്കുന്നത്. ഇതിലൂടെ കാൽനടയായിട്ട് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്.
റോഡ് തകർന്നുകിടക്കുന്നതിനാൽ ഇതിലൂടെ യാത്ര ചെയ്യുന്നവർക്ക് പൊടിശല്യം അസഹ്യമാണ്. റോഡ് തകർന്നു കിടക്കുന്നതു സംബന്ധിച്ച മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് അധികൃതർ റോഡ് ടാറിങ്ങിന് ഫണ്ട് അനുവദിച്ചത്. നെയ്യശേരി– തോക്കുമ്പൻ സാഡ് റോഡുമായി ബന്ധപ്പെട്ട് കരാറുകാരന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം പൂർണമായും തകർന്നുകിടക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഈ ഭാഗം ടാർ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ടിപി അധികൃതർ ഒരു മാസം മുൻപ് കത്ത് കൊടുത്തതാണ്. എന്നാൽ നാളിത്രയുമായിട്ട് കരാറുകാരന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരാതിയും ശക്തമാണ്.