ഒരു കിലോഗ്രാം പഴത്തിന് 600 രൂപ; വട്ടവട മേഖലയിൽ ഇനി സ്ട്രോബറി വിളവെടുപ്പുകാലം

Mail This Article
വട്ടവട ഗ്രാമപ്പഞ്ചായത്തിലെ വട്ടവട, ചിലന്തിയാർ, ഊർക്കാട്, പഴത്തോട്ടം, വഞ്ചിവയൽ, കോവിലൂർ എന്നിവിടങ്ങളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. ഒരു കിലോഗ്രാം പഴത്തിന് 600 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ കൃഷി ചെയ്ത് നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു വിളവെടുപ്പ്. എന്നാൽ, ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലം നവംബർ മാസത്തിലാണ് കർഷകർക്ക് കൃഷി ചെയ്യാൻ കഴിഞ്ഞത്.
പുണെയിൽ നിന്നെത്തിച്ച അത്യുൽപാദന ശേഷിയുള്ള വിന്റർ ഡോൺ, സ്വീറ്റ് ചാർളി, കാമറോസ് എന്നീ ഇനങ്ങളിൽപെട്ട ചെടികളാണ് ഇത്തവണ നട്ടിരിക്കുന്നത്. പഴങ്ങൾക്ക് വലുപ്പം കൂടുതലുള്ള ഇനങ്ങളാണിവ. നാടൻ ഇനത്തിൽപെട്ട തൈകളും ചില കർഷകർ കൃഷി ചെയ്തിട്ടുണ്ട്. ഇവയുടെ പഴങ്ങൾ താരതമ്യേന ചെറുതാണെങ്കിലും അതിമധുരമുള്ളവയാണ്.
പൂർണമായി ജൈവ രീതിയിലാണ് സ്ട്രോബറി കൃഷി ചെയ്തിട്ടുള്ളത്. പ്രത്യേക തടങ്ങൾ ഒരുക്കി അതിന് മീതെ കളകളുടെ ശല്യം ഒഴിവാക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ (പ്ലാസ്റ്റിക് മൾട്ടിങ്) വിരിച്ചാണ് ഭൂരിഭാഗം കർഷകരും തൈകൾ നട്ടത്. സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളാണ് സ്ട്രോബറി പഴങ്ങൾ വാങ്ങുന്നത്. വൈൻ, ജാം തുടങ്ങിയ ഉൽപന്നങ്ങളും ചില കർഷകർ തയാറാക്കി വിൽക്കുന്നുണ്ട്. സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ടൂറിസം സീസൺ അവസാനിച്ചതിനാൽ ഇത്തവണ വിൽപന മന്ദഗതിയിലാണെന്ന് കർഷകർ പറഞ്ഞു.