ചിന്നക്കലാലിന്റെ ‘ചിന്ന ആശ’; ശുചിത്വമുള്ള ടൗൺ

Mail This Article
ചിന്നക്കനാൽ∙ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. ചിന്നക്കനാൽ, സൂര്യനെല്ലി ടൗണുകൾക്കു സമീപവും ഒഴിഞ്ഞു കിടക്കുന്ന റവന്യു ഭൂമിയിലും വനാതിർത്തികളിലുമാണു മാലിന്യം കുന്നുകൂടിയത്. സ്വകാര്യ കൃഷിയിടങ്ങളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. പ്രധാന റോഡുകളുടെ വശങ്ങളിലും ജൈവ, അജൈവ മാലിന്യങ്ങൾ നിറയുന്നതു സഞ്ചാരികളെയും ബുദ്ധിമുട്ടിലാക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം വർധിപ്പിക്കുമെന്നു വനം വകുപ്പും മുന്നറിയിപ്പ് നൽകുന്നു. നേരത്തെ വേസ്റ്റ്കുഴി ഭാഗത്ത് മാലിന്യകൂമ്പാരത്തിൽ തീറ്റ തേടുന്ന കാട്ടാനകളുടെ ചിത്രം ശ്രദ്ധയിൽപെട്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം വേണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷം ഇവിടെ മാലിന്യം തള്ളിയിരുന്ന കുഴി മൂടുകയും പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ റവന്യു വകുപ്പ് ഭൂമി അനുവദിക്കുകയും ചെയ്തു. ഇൗ സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കുന്നതിനു കരാർ നൽകുകയും ചെയ്തു. മാലിന്യ സംസ്കരണ പ്ലാന്റ് എത്രയും വേഗം സ്ഥാപിച്ചില്ലെങ്കിൽ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ മാലിന്യ പ്രശ്നങ്ങളുടെ പേരിലാകും അറിയപ്പെടുകയെന്നാണു നാട്ടുകാർ പറയുന്നത്.