'ഇനി മക്കൾക്കു ഞാൻ മാത്രമല്ലേയുള്ളൂ'; ഉള്ളുപൊട്ടി ഇസ്മയിലും മക്കളും

Mail This Article
‘ആടുകളെ വിറ്റു, പുതിയ വീടു കിട്ടുന്നതുവരെ പശുക്കളെയും പോത്തിനെയും എസ്റ്റേറ്റിൽ വളർത്താൻ ശ്രമിക്കും. ഉപജീവനമാർഗം ഇതാണല്ലോ... ആടുകളെ കടുവയ്ക്കു കൊടുക്കാതിരിക്കാനാണു വിറ്റത്. ഇനി മക്കൾക്കു ഞാൻ മാത്രമല്ലേയുള്ളൂ. അവരുടെ സുരക്ഷയാണ് ഇനിയെല്ലാം. സംസാര, കേൾവി പ്രശ്നങ്ങളുള്ള മകളെ സംരക്ഷിക്കാൻ ഇനി ഞാൻ ഒപ്പമുണ്ടെങ്കിലേ കഴിയൂ’’ – കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയയുടെ ഭർത്താവ് ഇസ്മയിലിന്റെ വാക്കുകൾ... ഇടുക്കി ജില്ലയിലെ കൊമ്പൻപാറയിൽ ആഗ്രഹിച്ചു നിർമിച്ച വീട് ഉപേക്ഷിച്ച് ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ലയത്തിലേക്കു കഴിഞ്ഞ ദിവസമാണ് ഇസ്മയിലും മക്കളായ ഷെയ്ക് മുഹമ്മദും ആമിനയും മാറിയത്.
സമീപത്തു താമസിച്ചിരുന്ന സോഫിയയുടെ മാതാവ് ആലിമ ബീവി, ചിറക്കോട് സുരേഷ് എന്നിവരുടെ കുടുംബങ്ങളെയും അധികൃതർ എസ്റ്റേറ്റ് ലയത്തിലേക്കു മാറ്റിയിട്ടുണ്ട്.ആട്, പോത്ത്, പോശുക്കൾ, കോഴി, മുയൽ തുടങ്ങി എല്ലാമുണ്ട് ഇസ്മായിലിന്റെ വീട്ടിൽ. സോഫിയയും ഇസ്മയിലും ചേർന്നാണ് ഇവയെ നോക്കിയിരുന്നത്. ഇപ്പോൾ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ വലിയ സൗകര്യങ്ങൾ ഒന്നുമില്ല. നഷ്ടപരിഹാരം ഇവരുടെ കൈകളിൽ എത്തി. ഇനി വേണ്ടത് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീടാണ്. മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി എന്ന പ്രഖ്യാപനത്തിലും ഇൗ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.