ഉരുൾപൊട്ടൽ ദുരന്തത്തിന് 20 വയസ്സ്: ഉറപ്പുകളെല്ലാം പാഴായി; സഹായം നൽകാതെ സർക്കാർ

Mail This Article
മൂന്നാർ ∙ ടൗണിനു സമീപമുള്ള അന്തോണിയാർ കോളനിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് 20 വയസ്സ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും വീടു നഷ്ടപ്പെട്ടവർക്കും സർക്കാർ വാഗ്ദാനം ചെയ്ത വീടും സ്ഥലവും ഇതുവരെയും നൽകിയില്ല. 2005 ജൂലൈ 25നു വൈകിട്ട് 6നാണു ടൗണിനു തൊട്ടടുത്തുള്ള അന്തോണിയാർ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. 4 പേർ മരിച്ചദുരന്തത്തിൽ ഒട്ടേറെ പേരുടെ വീടുകൾ തകർന്ന് വസ്തുവകകൾ നഷ്ടമായി. 47 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ദുരന്തത്തെത്തുടർന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയ 47 കുടുംബങ്ങൾക്കും വീടു നിർമിച്ചുനൽകാനായി രാജീവ് ഗാന്ധി കോളനിയിൽ സർക്കാർ 5 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. മഴക്കാലം കഴിഞ്ഞ് ക്യാംപിൽ നിന്നു ബന്ധുവീടുകളിലേക്കും ദുരന്തത്തെ അതിജീവിച്ച പഴയ വീടുകളിലേക്കും ആളുകൾ പിന്നീട് താമസം തുടങ്ങി.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 6 പേർക്ക് 3 സെന്റ് വീതം സ്ഥലം രാജീവ് ഗാന്ധി കോളനിയിൽ സർക്കാർ നൽകി. പിന്നീട് പലവിധ കാരണങ്ങൾ പറഞ്ഞ് മറ്റുള്ളവർക്കു സ്ഥലവും വീടും നൽകാതെ സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. 20 വർഷമായിട്ടും സർക്കാർ ഇവരുടെ പുനരധിവാസ കാര്യത്തിൽ നടപടിയെടുത്തില്ല. ഇരുപതിൽ താഴെ കുടുംബങ്ങളാണ് നിലവിൽ ദുരന്തഭൂമിയിൽ നിലവിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ്. സർക്കാർ വാഗ്ദാനം ചെയ്ത ഭൂമിക്കും വീടിനുമായി ഇപ്പോഴും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണിപ്പോഴും. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ നിലവിൽ കോളനിയിൽ താമസിക്കുന്നവരെ മഴക്കാലമാരംഭിച്ചാലുടൻ തന്നെ എല്ലാവർഷവും അധികൃതർ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നതും പതിവാണ്.
മൂന്നാറിനെ കണ്ണീരണിയിച്ച ദുരന്തം
∙ 1924ലെ പ്രളയത്തിനു ശേഷവും പെട്ടിമുടി ദുരന്തത്തിനു മുൻപും മൂന്നാറിൽ നടന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് 2005 ജൂലൈ 25നു നടന്നത്. ടൗൺ, അന്തോണിയാർ കോളനി, ദേവികുളം മേഖലകളിലായി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയിൽ 8 പേരാണ് അന്നു മരിച്ചത്. നൂറിലധികം വീടുകളും റോഡുകളും നശിച്ചു. ദുരന്തത്തിൽ മരിച്ചവർ: ശിരോമണി, അന്തോണിദാസ്, ഭാര്യ ശോഭ, മകൻ സൂര്യപ്രകാശ് (അന്തോണിയാർ കോളനി), സെൽവരാജ് പിള്ള, ഓമന (ടൗൺ), ആന്റണി, വില്യം (ദേവികുളം).