മാട്ടുക്കട്ടയിൽ കയ്യേറിയ 8.5 സെന്റ് ഒഴിപ്പിച്ചു

Mail This Article
ഉപ്പുതറ ∙ അയ്യപ്പൻകോവിൽ പഞ്ചായത്ത് മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ള മാട്ടുക്കട്ടയിലെ 8.5 സെന്റ് സ്ഥലം കയ്യേറിയതായി കണ്ടെത്തൽ. പഞ്ചായത്തും കലക്ടറും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കയ്യേറിയ ഭൂമി ഒഴിപ്പിച്ചു. ൻ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ.സതീശൻ നൽകിയ പരാതിയെത്തുടർന്നു താലൂക്ക് സർവേയർ അനിൽ ഡി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണു കയ്യേറിയ ഭൂമി കണ്ടെത്തിയത്. തുടർന്നു പഞ്ചായത്ത് സർവേക്കല്ലിട്ട് കോൺക്രീറ്റ് ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ചു.
അയ്യപ്പൻകോവിൽ പഞ്ചായത്ത് മാർക്കറ്റിനായി വ്യക്തി വിട്ടുനൽകിയ ഒരേക്കർ ഭൂമിയാണുള്ളത്. റോഡ് പുറമ്പോക്ക് ഒഴിവാക്കി 72 സ്ഥലമാണ് ഉണ്ടായിരുന്നത്. സമീപവാസി കയ്യേറി റോഡ് നിർമിച്ചുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ എ.എൽ.സതീശൻ പ്രസിഡന്റായിരുന്ന സമയത്ത് കോടതിയെ സമീപിച്ചു. പഞ്ചായത്തിനു അനുകൂലമായി വിധിയും സമ്പാദിച്ചു. പിന്നാലെ വ്യക്തി അപ്പീലിനു പോയി.
തുടർന്നു വന്ന ഭരണസമിതി വക്കീലിനെ വയ്ക്കാതെ വ്യക്തിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇപ്പോൾ വ്യക്തി വലിയ റോഡ് നിർമിച്ചു. വീണ്ടും പരാതി ഉയർന്നതോടെയാണു പഞ്ചായത്ത് താലൂക്ക് സർവേയറെ സമീപിച്ചു സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്. തുടർന്നു കലക്ടർക്കു റിപ്പോർട്ട് നൽകിയതോടെയാണു നടപടി. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ, പഞ്ചായത്തംഗം ബി.ബിനു, അസി. സെക്രട്ടറി സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ.സതീശൻ, പഞ്ചായത്ത് ജീവനക്കാർ, നാട്ടുകാർ എന്നിവർ ഒഴിപ്പിക്കൽ നടപടിക്ക് എത്തിയിരുന്നു.