ബിന്ദുവിന്റെ സ്വപ്നം പൂവണിയും; മണ്ണുമാന്തി യന്ത്രം വീണ് തകർന്ന വീട് നിർമിച്ചു നൽകും

Mail This Article
നെടുങ്കണ്ടം ∙ നിയന്ത്രണം നഷ്ടപ്പെട്ട മണ്ണുമാന്തി യന്ത്രം പതിച്ച് തകർന്ന, ലൈഫ് പദ്ധതിയിൽ നിർമാണത്തിലിരുന്ന വീട് വാഹന ഉടമ നിർമിച്ചു നൽകും. കഴിഞ്ഞ പതിനാലിനാണ് പുഷ്പക്കണ്ടം പതിപറമ്പിൽ ബിന്ദുവിന്റെ വീടിനു മുകളിലേക്ക് മണ്ണുമാന്തിയന്ത്രം പതിച്ചത്. അപകടത്തിൽ വീട് തകർന്നു. നാലു മാസത്തിനുള്ളിൽ വീട് പുനർനിർമിച്ചു നൽകുമെന്ന അന്യാർതൊളു സ്വദേശിയായ വാഹന ഉടമയുടെ ഉറപ്പാണ് ബിന്ദുവിന്റെ ആശ്വാസം. വാഹന ഉടമയുമായി കരാർ വച്ചിട്ടുണ്ട്.
രോഗിയായ മാതാപിതാക്കളും ഏഴു വയസ്സുകാരിയായ മകളുമടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം.ലൈഫ് പദ്ധതിയിൽ ലഭിച്ച തുകയും കടം വാങ്ങിയ പണവുമുപയോഗിച്ചാണ് വീടു പണിതത്. വീടിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. ഫെബ്രുവരിയിൽ തന്നെ താമസം മാറാനിരിക്കുകയായിരുന്നു. ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് എത്തിച്ച മണ്ണുമാന്തി യന്ത്രമാണ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മുകളിൽ പതിച്ചത്. കുത്തിറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.