കർഷകന്റെ ‘നെഞ്ചത്ത് ചവിട്ടി’ കാട്ടുപന്നിക്കൂട്ടം; നശിപ്പിച്ചത് 750 ചുവട് കപ്പ

Mail This Article
തോപ്രാംകുടി ∙ കർഷകരുടെ അധ്വാനത്തിനു വില കൽപിക്കാതെ കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നതു തുടരുന്നു. തോപ്രാംകുടി പെരുന്തൊട്ടിയിൽ പാറയിൽ ടോമി ജോസഫ് പാട്ടത്തിനെടുത്തു കപ്പക്കൃഷി ചെയ്തിരുന്ന ഒരേക്കർ തോട്ടത്തിൽ കാട്ടുപന്നികൾ കാട്ടിക്കൂട്ടിയ നാശനഷ്ടം ചില്ലറയല്ല.
1,200 ചുവട് കപ്പ നട്ട് വളർത്തിയിരുന്ന തോട്ടത്തിൽ ഇനി അവശേഷിക്കുന്നത് ഏതാണ്ട് 450 മൂട് മാത്രമാണ്. ഒരാഴ്ച മുൻപ് ആദ്യമായി എത്തിയ പന്നിക്കൂട്ടം ഏതാനും ചുവട് കപ്പ തിന്നു തീർത്തിട്ട് മടങ്ങിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കാട്ടുപന്നികളെ കാണാതായതോടെ ഇനി വരില്ലെന്ന പ്രതീക്ഷയിലായിരുന്നു കർഷകൻ.
മുൻ വർഷങ്ങളിലെ അനുഭവവും അത്തരത്തിലായിരുന്നു. എന്നാൽ നാലഞ്ച് ദിവസങ്ങൾക്കു ശേഷം വീണ്ടുമെത്തിയ പന്നികൾ കനത്ത നാശമാണ് തോട്ടത്തിൽ വരുത്തിയത്. ഈ ദിവസങ്ങളിൽ ആശുപത്രി ആവശ്യങ്ങൾ ഉള്ളതിനാൽ തോട്ടത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാനായില്ലെന്നു കർഷകൻ പറഞ്ഞു.
ഒരു കൃഷിക്ക് 15,000 രൂപ പാട്ടം നൽകിയാണ് ടോമി ഇവിടെ കൃഷിയിറക്കിയിരുന്നത്. പണിക്കൂലി ഉൾപ്പെടെ ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ കൃഷിക്കായി മുടക്കി. സ്വന്തം അധ്വാനവും കഷ്ടപ്പാടും ഇതിനു പുറമേയാണെന്നു കർഷകൻ പറയുന്നു. വിളവെടുപ്പിനു ഒരു മാസം മാത്രം ശേഷിക്കെ മികച്ച വിളവായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരു കിലോ കപ്പയ്ക്ക് ഹൈറേഞ്ചിൽ ഇപ്പോൾ 40 രൂപയാണ് വില.