ഭാവി പൈലറ്റുകൾക്ക് ആദ്യ പൈലറ്റിന്റെ അനുമോദനം

Mail This Article
അടിമാലി ∙ പൈലറ്റ് പരിശീലനത്തിന് സിലക്‌ഷൻ ലഭിച്ച ഇടുക്കിയുടെ മിടുക്കികളെ വനിതാ ദിനത്തിൽ അനുമോദിച്ച് ജില്ലയിൽനിന്ന് ആദ്യ പൈലറ്റ് ലൈസൻസ് നേടിയ അടിമാലി സ്വദേശി ജോൺ പൊറ്റാസ്. അടിമാലി ചാറ്റുപാറ ഒഴുകയിൽ അനഘ സോമൻ (23), വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസിമോൾ റോയി (21) എന്നിവർക്കാണ് ജോൺ പൊറ്റാസ് അനുമോദനമൊരുക്കിയത്.
ബെംഗളൂരുവിൽനിന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പൈലറ്റ് ടെസ്റ്റ് വിജയിച്ച അനഘ വിദേശത്ത് പരിശീലനത്തിന് പോകാനുള്ള തയാറെടുപ്പിലാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഏവിയേഷൻ പൈലറ്റ് കോഴ്സിന് നിസിമോൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
1965ൽ ഇന്ത്യൻ എയർഫോഴ്സിന്റെ സ്കോളർഷിപ്പോടു കൂടി പഠിച്ച് പൈലറ്റായ ആളാണ് ജോൺ പൊറ്റാസ്. ഇളംതലമുറയിൽനിന്നുള്ള 2 പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിൽ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അടിമാലി ജെസിഐ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.