മലങ്കരയ്ക്ക് ചുറ്റും ബഫർ സോൺ; കർഷകന്റെ ഭൂമിയിൽ നിർമാണ നിയന്ത്രണം

Mail This Article
കുടയത്തൂർ ∙ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനം മലങ്കര ജലാശയത്തിനു സമീപമുള്ള കുടുംബങ്ങളെ ദുരിതത്തിലാക്കും. അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം എന്നീ 6 പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ ഡാമിന്റെ മഴപ്രദേശത്ത് താമസിക്കുന്നത്.
പ്രദേശത്തെ കർഷകരിൽ നിന്നു സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് മലങ്കര ജലാശയം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാറിനിരുവശവുമുള്ള സ്ഥലം സർക്കാർ ഏറ്റെടുത്താണ് അന്ന് മലങ്കര ജലാശയവും ഇതിന്റെ മഴപ്രദേശവും സ്ഥാപിച്ചത്. ഇതിനോടു ചേർന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കുടുംബങ്ങളടക്കം ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇവരുടെ കൃഷിയിടത്തെയും ബാധിക്കും.
നിലവിൽ എംവിഐപിയുടെ അതിർത്തിയിൽ ഒട്ടേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് വീടുകളുടെ നവീകരണം പുതിയ വീട് നിർമാണം അടക്കമുള്ള കാര്യങ്ങൾ പ്രശ്നത്തിലാകും. കൂടാതെ മലങ്കര ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവർത്തനങ്ങളെയും ബാധിക്കും. കഴിഞ്ഞ ഡിസംബർ 26–നാണ് ജലസംഭരണികളുടെ പരമാവധി വാട്ടർ ലവൽ മുതൽ രണ്ട് കാറ്റഗറികളായി തിരിച്ച് ബഫർസോൺ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല.
100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ എൻഒസി വേണം. ഇവിടെയും 3 നിലകളിലുള്ള (പരമാവധി 10 മീറ്റർ) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളൂ. നിലവിൽ ജലാശയത്തിനു സമീപം ഒട്ടേറെ റസിഡൻസ് കോളനികളുണ്ട്. കൂടാതെ വിവിധയിടങ്ങളിൽ പട്ടിക ജാതി, പട്ടികവർഗ കോളനികളും ഈ ബഫർ സോൺ പരിധിയിൽ പെടും. കാഞ്ഞാർ, കുടയത്തൂർ ടൗണുകളും ബഫർ സോൺ പരിധിയിൽ വരുമെന്നാണ് സൂചന. കൃഷിക്കാരന്റെ പൊന്നുംവിലയുള്ള കൃഷിഭൂമി ബഫർസോണാക്കി മാറ്റാനുള്ള സർക്കാർ നീക്കം നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉത്തരവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്
തൊടുപുഴ ∙ മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശത്തെ പഞ്ചായത്തുകളെ ബാധിക്കുന്ന ബഫർ സോൺ ഉത്തരവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ആവശ്യപ്പെട്ടു. അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ ഡാമിൽനിന്ന് 20 മീറ്റർ ബഫർ സോണും 100 മീറ്ററിൽ നിർമാണത്തിന് എൻഒസിയും വേണമെന്ന ഉത്തരവ് ക്രൂരമാണ്. മന്ത്രിതലത്തിൽ പരിഹാരത്തിന് ചെറുവിരൽ പോലും അനക്കാത്ത മന്ത്രി റോഷി അഗസ്റ്റിൻ, ബഫർ സോൺ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കണം. പ്രതിഷേധ സമരം ഊർജിതമാക്കുമെന്നും എം.മോനിച്ചൻ പറഞ്ഞു.