ചെലവാക്കിയത് 7 ലക്ഷം രൂപ; ജനലും വാതിലും തകർന്ന് വനംവകുപ്പിന്റെ ക്യാംപ് ഷെഡ്

Mail This Article
വണ്ണപ്പുറം ∙ വനംവകുപ്പിന്റെ ക്യാംപ് ഷെഡിന്റെ ജനാലയും വാതിലുകളും അടിച്ചു തകർത്ത നിലയിൽ. കോട്ടപ്പാറ കാണാനെത്തുന്നവർക്ക് സൗകര്യം ഒരുക്കാനും നിരീക്ഷണം നടത്തുന്നതിനുമായിട്ടാണ് 3 വർഷം മുൻപ് 7 ലക്ഷം രൂപ മുടക്കി ഇവിടെ ക്യാംപ് ഷെഡ് പണിതത്. വനംവകുപ്പ് വാച്ചർമാരാണ് കെട്ടിടം ഉപയോഗിക്കുന്നത്.
വാതിലുകൾ തകർന്നതോടെ കെട്ടിടം തന്നെ സാമൂഹിക വിരുദ്ധർ കൈയടക്കിയതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിലും ഇവിടെ ജീവനക്കാർ ഉണ്ടാകാറില്ല. രാവിലെയും വൈകിട്ടുമായി നൂറു കണക്കിന് സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും ശല്യം പലപ്പോഴും സഞ്ചാരികൾക്ക് പ്രശ്നമുണ്ടാക്കാറുണ്ട്.
രണ്ടു മാസം മുൻപ് കാളിയാർ പൊലീസ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. വനവകുപ്പിന്റെ കെട്ടിടം പുനരുദ്ധരിക്കാൻ രണ്ടുലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാലാണ് ജീവനക്കാർക്ക് രാത്രി കാലങ്ങളിൽ ഇവിടെ തങ്ങാൻ കഴിയാത്തതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.