റോഡിലേക്ക് മാലിന്യം; ദേവികുളം ടൗണിൽ നിൽക്കാൻ വയ്യ

Mail This Article
മൂന്നാർ ∙ ഹോട്ടലുകളിൽനിന്നുള്ള മലിനജലവും ആഹാരാവശിഷ്ടങ്ങളും വീണ്ടും റോഡിലേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ ദേവികുളം ടൗണിൽ വീണ്ടും ദുർഗന്ധം വ്യാപകമായി. ദേവികുളം ആർഡിഒ ഓഫിസിനു സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും മലിനജലവുമാണ് ഹയർ സെക്കൻഡറി സ്കൂൾ റോഡിലേക്ക് ഒഴുകുന്നത്. ആഹാരാവശിഷ്ടങ്ങളും മറ്റും റോഡിൽ കിടന്ന് അഴുകുന്നത് കാരണം ഈ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നത് പതിവായിരിക്കുകയാണ്.
സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് റോഡിലൂടെ മലിനജലമൊഴുകുന്നത്. ആർഡിഒ ഓഫിസ് ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളാണിവിടെ പ്രവർത്തിക്കുന്നത്. ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് ഉദ്യോഗസ്ഥർ ഓഫിസുകളിലിരുന്ന് ജോലി ചെയ്യുന്നത്.
2024 ജനുവരിയിൽ സമാന രീതിയിൽ മാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് പ്രദേശത്ത് ദുർഗന്ധം ആഴ്ചകളോളം നീണ്ടുനിന്നത് സംബന്ധിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സബ് കലക്ടർ പ്രദേശത്ത് പരിശോധന നടത്തി സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കി മലിനജലം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.