മൂന്നാറിൽ പൂത്തുലഞ്ഞു ഫിഷ് പോയ്സൺ ബുഷ് ചെടികൾ; തിന്നാൽ മീനുകൾ ബോധമറ്റു പൊങ്ങിക്കിടക്കും

Mail This Article
മൂന്നാർ ∙ പണ്ടു മീൻ പിടിക്കാനായി ഉപയോഗിച്ചിരുന്ന ഫിഷ് പോയ്സൺ ബുഷ് എന്ന ചെടികൾ മൂന്നാറിൽ പൂത്തു. പശ്ചിമഘട്ടത്തിലെ ഉൾവനങ്ങളിലുള്ള ഷോലക്കാടുകളിൽ അപൂർവമായി കാണുന്ന ചെടിയാണ് ‘ജനീഡിയ ഗ്ലൂക്കോ’ എന്ന ശാസ്ത്രീയ നാമമുള്ള ഫിഷ് പോയ്സൺ ബുഷ്. ജനുവരി മുതൽ മാർച്ച് വരെയാണിവ പൂക്കുന്നത്. ഈ ചെടിയുടെ പൂവ് പുഴയിൽ വിതറിയിടുന്നതോടെ ഇവ തിന്നുന്ന മീനുകൾ ബോധമറ്റു വെള്ളത്തിൽ പൊങ്ങിക്കിടക്കും.
ഇത്തരത്തിൽ മുൻകാലങ്ങളിലുള്ളവർ മീൻപിടിക്കുന്നതിനായി ഈ പൂവ് ഉപയോഗിച്ചിരുന്നു. കൂടാതെ ഈ ചെടിയുടെ തണ്ട് പെട്ടെന്നു തീ പിടിക്കുന്നതിനാൽ വീടുകളിലെ വിറകടുപ്പുകളിൽ തീ പടർത്തുന്നതിനും ഗോത്രവർഗക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. വീട്ടാവശ്യത്തിനായി വ്യാപകമായി വെട്ടിനശിപ്പിച്ചതിനാലാണു പശ്ചിമഘട്ടത്തിൽ ഇവ അപൂർവമായി മാറിയത്. ചെടിയുടെ ഇലകളിലെ നീര്, ശരീരത്തിലെ മുറിവുകൾ ഉണക്കുന്നതിനും നീരുവീക്കത്തിനുമുള്ള നല്ല മരുന്നാണെന്നാണു നാട്ടറിവ്.