പരുന്തുംപാറ: കയ്യേറ്റമൊഴിപ്പിക്കൽ തടയാൻ സ്ഥാപിച്ച കുരിശ് റവന്യു അധികൃതർ പൊളിച്ചുനീക്കി

Mail This Article
പീരുമേട് ∙ പരുന്തുംപാറയിലെ കയ്യേറ്റഭൂമിയിൽ കലക്ടറുടെ ഉത്തരവു മറികടന്നു സ്ഥാപിച്ച കുരിശ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം നീക്കംചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ബഹുനിലക്കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന കുരിശാണു പൊളിച്ചുമാറ്റിയത്. മഞ്ചുമല വില്ലേജിലെ 441–ാം സർവേ നമ്പറിലെ സർക്കാർ ഭൂമി സജിത്ത് കയ്യേറിയെന്നും റിസോർട്ട് നിർമിച്ചെന്നും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കലക്ടർ വി.വിഘ്നേശ്വരിയുടെ നിർദേശത്തെത്തുടർന്നു സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
എന്നാൽ, കയ്യേറ്റം ഒഴിപ്പിക്കൽ തടയാൻ അതിവേഗം കുരിശിന്റെ പണി തീർത്തു. പീരുമേട് ഭൂരേഖാ തഹസിൽദാർ എസ്.കെ.ശ്രീകുമാറിന്റെ നേതൃത്വത്തിലാണു കുരിശ് പൊളിച്ചുമാറ്റിയത്. സജിത്തിന്റെ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങളെ പ്രതിരോധിക്കാൻ ആരുമെത്തിയില്ല.
നേരത്തേ സൂര്യനെല്ലിയിലും
∙ 2017ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കയ്യേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ജില്ലാ ഭരണകൂടം കുരിശ് പൊളിച്ചുനീക്കുകയും ചെയ്തു.
അന്വേഷണത്തിന് 15 അംഗ റവന്യു സംഘം
തിരുവനന്തപുരം ∙ ഇടുക്കി പരുന്തുംപാറയിൽ നിരോധനാജ്ഞ ലംഘിച്ച് കുരിശ് സ്ഥാപിച്ചതുൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ 15 അംഗ റവന്യു സംഘത്തെ നിയോഗിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന അടിയന്തര ഉന്നതതല യോഗത്തിലാണു തീരുമാനം. ഇടുക്കി ജില്ലയ്ക്കു പുറത്തുള്ളവരും നേരത്തേ പീരുമേട് വില്ലേജിൽ ജോലി ചെയ്യാത്തവരുമാകും സംഘത്തിൽ ഉണ്ടാകുക. മഞ്ചുമല, പീരുമേട് വില്ലേജുകളിലെ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഇന്നു വൈകിട്ടോടെ തയാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ഇടുക്കി ജില്ലയിലെ സമാനമായ എല്ലാ കേസുകളിലും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.