മലങ്കര ജലാശയത്തിനു സമീപത്തെ ജനങ്ങൾ പലായനം ചെയ്യേണ്ടിവരുമോ? നാട്ടുകാർ പ്രക്ഷോഭത്തിന്

Mail This Article
കുടയത്തൂർ ∙ ജലാശയത്തിന് ബഫർ സോൺ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജലസേചന വകുപ്പിന്റെ ഡാമുകളുടെ പരമാവധി സംഭരണ ശേഷിക്കും അപ്പുറം 20 മീറ്റർ ബഫർ സോണും തുടർന്ന് 100 മീറ്റർ നിർമാണ നിരോധനവും കാരണം മലങ്കര ജലാശയത്തിന്റെ സമീപത്തെ 6 പഞ്ചായത്തുകളിലെ ജനങ്ങൾ പലായനം ചെയ്യേണ്ടിവരുമെന്നാണ് ആശങ്ക. ജലാശയത്തിന് ചുറ്റും ക്യാച്മെന്റ് ഏരിയ വനം വകുപ്പിന് വിട്ടുനൽകി ഇവിടെ പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം വരുത്തിയതിനു പിന്നാലെയാണ് ബഫർ സോൺ സ്ഥാപിക്കാനുള്ള നീക്കം.
മലങ്കര റിസർവോയറിനു ചുറ്റും താമസിക്കുന്ന മുഴുവനാളുകളെയും ഏറെ ദോഷകരമായി ബാധിക്കാൻ പോകുന്ന ഈ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികൾ ആരംഭിക്കുകയും ഇത് തിരുത്തിക്കുകയും ചെയ്യണമെന്ന് ജനങ്ങൾ പറയുന്നു. റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ എന്നിവ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം എന്നീ ആറ് പഞ്ചായത്തുകളിലെ ആയിരത്തിലേറെ കുടുംബങ്ങളാണ് ഈ ഡാമിന്റെ മഴപ്രദേശത്ത് താമസിക്കുന്നത്.
മന്ത്രി റോഷി മാപ്പുപറഞ്ഞ് ഉത്തരവ് പിൻവലിക്കണം:യൂത്ത് കോൺഗ്രസ്
മലങ്കരയാറിന്റെ തീരത്ത് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം ജനങ്ങളെ കുടിയിറക്കി റിസോർട്ട് മാഫിയയെ സഹായിക്കാനാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മലയോര ജനതയുടെ വോട്ട് വാങ്ങി ജയിച്ച മന്ത്രി റോഷി അഗസ്റ്റിൻ വോട്ടർമാരോട് നിരുപാധികം മാപ്പ് പറഞ്ഞ് ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി ബഹുജനസമരത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. മണ്ഡലം പ്രസിഡൻറ് ജോബിസ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ എബി ജോർജ് തറയിൽ, അൽഫോൺസ് വാളിപ്ലാക്കൽ, രാഹുൽ സോയി കള്ളികാട്ട്, ബാദുഷ അഷറഫ്, എബി മോൻ പൂവേലിൽ, ആകാഷ് അഗസ്റ്റിൻ, സിറിൽ ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.