പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ആഭരണ നിർമാണ പരിശീലന പരിപാടിക്ക് തുടക്കം

Mail This Article
ഇടുക്കി∙ കേന്ദ്രസർക്കാർ ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 13 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആഭരണ നിർമാണ പരിശീലന പരിപാടിക്ക് പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ തുടക്കം. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ ഉദ്ഘാടനം നിർവഹിച്ചു.
ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആഭരണ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുംനൽകുമെന്നും ഉച്ചഭക്ഷണവും, ലഘു ഭക്ഷണങ്ങളും നൽകുമെന്നും ഡയറക്ടർ എം. മുഹമ്മദ് അൻസാർ വ്യക്തമാക്കി. ഈ പരിശീലന പരിപാടിയില്‍ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കല്‍, ഓൺലൈൻ മാർക്കറ്റിങ്, സബ്സിഡികൾ, വായ്പകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും. കൂടാതെ കോളജിലെ അധ്യാപകരുടെയും, വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഫാഷൻ ഡിസൈനിങ്, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല പ്രോഗ്രാമുകളും സൗജന്യമായി നൽകുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫും ചെയർമാൻ ബെന്നി തോമസും പ്രോഗ്രാം കോര്‍ഡിനേറ്റർ അക്ഷയ് മോഹൻദാസും വ്യക്തമാക്കി. കോളജിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ‘സ്വയംതൊഴിൽ ഒപ്പം മറ്റുള്ളവർക്കും തൊഴിൽ’ എന്ന പ്രഖ്യാപിത നയത്തിലൂന്നിയും, അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രോഗ്രാമാണന്നും അധികൃതര്‍ വ്യക്തമാക്കി.
കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണം നടത്തി. പെരുവന്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹമ്മദ് നിസാർ, ആർഎസ്ഇടിഐ പ്രോഗ്രാം ഡയറക്ടർ എം. മുഹമ്മദ് അൻസാർ, പ്രോഗ്രാം കോര്‍ഡിനേറ്റർ അക്ഷയ് മോഹന്‍ദാസ്, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ബിബിന്‍ പയസ്, എ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.