ഇടുക്കി വലിയകണ്ടത്ത് രാജവെമ്പാലയെ പിടികൂടി; 20 കിലോ തൂക്കം, 18 അടി നീളം

Mail This Article
മുള്ളരിങ്ങാട് ∙ മുള്ളരിങ്ങാട് വലിയകണ്ടം ഭാഗത്ത് തോട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. രാവിലെ ആളുകളെ കണ്ടപ്പോൾ രാജവെമ്പാല മരത്തിൽ കയറി. ചെറിയ മരം ആയതിനാൽ ഇതിനെ പിടിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതേ തുടർന്ന് മരം മുറിച്ചു ചാടിച്ചതിനു ശേഷമാണ് പിടിച്ചത്. രാവിലെ 10ന് തുടങ്ങിയ പ്രയത്നം മൂന്നരയ്ക്കാണ് അവസാനിച്ചത്. 20 കിലോ തൂക്കവും 18 അടി നീളവുമുണ്ട് ഇതിന്. പാമ്പിനെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിരീക്ഷണത്തിനായി ആദ്യം ഒരാഴ്ച സൂക്ഷിക്കുമെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. അതിനു ശേഷം ഇടമലയാർ വനം മേഖലയിൽ പാമ്പിനെ തുറന്നുവിടും. മൂവാറ്റുപുഴയിൽനിന്ന് പാമ്പുപിടുത്ത വിദഗ്ധൻ സേവി എത്തിയാണ് പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.പി.മുജീബ്, സുമേഷ്, ജോജി ജോസഫ്, കെ.എൻ.അനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.