ആശങ്ക തുറന്നുവിട്ട് കെഎസ്ഇബി; പ്രഖ്യാപിക്കുമോ ബഫർസോൺ: വ്യക്തത വരുത്താതെ സർക്കാർ
Mail This Article
രാജകുമാരി∙ ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകൾക്കു ചുറ്റും 2 കാറ്റഗറികളിലായി ബഫർ സോൺ പ്രഖ്യാപിച്ചു കഴിഞ്ഞ ഡിസംബർ 26ന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡാം സുരക്ഷാ വിഭാഗം കെഎസ്ഇബിയുടെ അധീനതയിലുള്ള അണക്കെട്ടുകളിലും ബഫർ സോൺ നിശ്ചയിക്കുമോ എന്ന ആശങ്കയിൽ വ്യക്തത വരുത്താതെ സർക്കാർ.ഇൗ നിയമസഭാ സമ്മേളനത്തിൽ ഇൗ വിഷയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
ജലവിഭവ വകുപ്പിന്റെ അണക്കെട്ടിനോടു ചേർന്ന് റിസോർട്ട് നിർമാണത്തിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിന്റെ ഭാഗമായാണ് അണക്കെട്ടുകളുടെ പരമാവധി വാട്ടർ ലവൽ മുതൽ 20 മീറ്റർ ചുറ്റളവ് വരെ നിർമാണമൊന്നും പാടില്ലെന്നും 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എൻഒസി വേണമെന്നും സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ കെഎസ്ഇബി അണക്കെട്ടുകൾക്ക് ഉത്തരവ് ബാധകമല്ലെങ്കിലും ഡാം സുരക്ഷാ വിഭാഗം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണു വിവരം.
ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകൾക്കു മാത്രമായി സംരക്ഷിത പ്രദേശം പ്രഖ്യാപിക്കാനാവില്ലെന്നാണു നിയമ വിദഗ്ധർ പറയുന്നത്. അണക്കെട്ടുകളുടെ 120 മീറ്റർ ചുറ്റളവ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് സൂചന.
അണക്കെട്ടുകളുടെ ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽ പട്ടയം നൽകുന്നതിന് തടസ്സമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുമ്പോഴും ബഫർ സോൺ മാനദണ്ഡം കാെണ്ടു വന്നാൽ പത്തു ചെയിൻ മേഖലകളിൽ ഭൂമിയുടെ കൈവശക്കാർക്കു പട്ടയമെന്നതു സ്വപ്നം മാത്രമാകും.
∙ ആശയക്കുഴപ്പം തുടരുന്നു
കല്ലാർകുട്ടി പത്തുചെയിൻ മേഖലയിൽ ഇൗ സർക്കാരിന്റെ കാലത്ത് തന്നെ പട്ടയം നൽകുമെന്ന് എ.രാജ എംഎൽഎയുടെ സബ്മിഷനു മറുപടിയായി റവന്യുമന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ അണക്കെട്ടുകളോടു ചേർന്നുള്ള പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ ജില്ലയിലെത്തിയ വൈദ്യുതവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത്.
റവന്യു, വൈദ്യുത വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം തീർക്കും മുൻപ് പത്തുചെയിനിലും പട്ടയം നൽകുമെന്ന റവന്യു മന്ത്രിയുടെ വാഗ്ദാനം വിശ്വസനീയമല്ലെന്നാണു കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ സമിതിയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. മന്ത്രിയുടെ വിശദീകരണം ആത്മാർഥമാണെങ്കിൽ കല്ലാർകുട്ടി പത്തുചെയിൻ മേഖലയിൽ പട്ടയം നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണമെന്നാണു പട്ടയ അവകാശ സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.
പത്ത് ചെയിൻ മേഖലയിൽ താമസിക്കുന്ന മൂവായിരത്തിലധികം കുടുംബങ്ങളുടെ പട്ടയ അവകാശം നിഷേധിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ 26നു കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ വില്ലേജ് ഓഫിസിന് മുൻപിൽ സമരം സംഘടിപ്പിച്ചിട്ടുണ്ടെന്നു സമിതി ജനറൽ കൺവീനർ ജെയിൻസ് യോഹന്നാൻ പറഞ്ഞു. പത്ത് ചെയിൻ മേഖലയിൽ സർവേ നടപടികൾ തുടരുകയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും ഇവിടെയുണ്ടായിരുന്ന സർവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നും പട്ടയ അവകാശ സംരക്ഷണ സമിതി നേതൃത്വം വ്യക്തമാക്കുന്നു.
മന്ത്രിയുടെ വിശദീകരണം ആത്മാർഥമാണെങ്കിൽ കല്ലാർകുട്ടി പത്തുചെയിൻ മേഖലയിൽ പട്ടയം നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണമെന്നാണു പട്ടയ അവകാശ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു