വഴിയാത്രക്കാർക്ക് ‘വാരിക്കുഴി’; റോട്ടറി ജംക്‌ഷനിൽ നടപ്പാതയിലെ സ്ലാബുകൾ മാറ്റിയ നിലയിൽ

Mail This Article
തൊടുപുഴ ∙ റോട്ടറി ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനിടെ നടപ്പാതയിലൂടെ നേരെചൊവ്വെ നടക്കാമെന്നു കരുതിയാൽ തെറ്റി. നടപ്പാതയിലെ സ്ലാബുകൾ തന്നെ മാറ്റിയ അവസ്ഥയാണ്. അതിനാൽ യാത്രക്കാർ നടക്കുമ്പോൾ ശ്രദ്ധയൊന്നു പാളിയാൽ അഴുക്കുചാലിൽ വീഴുമെന്നുറപ്പ്. സ്ലാബുകൾ മാറ്റിയ ഭാഗത്ത് അഴുക്കുചാലിൽനിന്നുള്ള മലിനജലത്തിന്റെ ദുർഗന്ധവും സഹിക്കാൻ കഴിയാത്തതാണ്. ഇവിടെയുള്ള നടപ്പാതകളിലെ ഭൂരിഭാഗം ഇടങ്ങളിലും കാൽപാദം പെട്ടുപോയേക്കാവുന്ന തരത്തിലുള്ള ഗ്യാപ്പുകളാണ്.
പൊതുവേ തിരക്കുള്ള ജംക്‌ഷനിൽ കാൽനടയാത്രക്കാർക്കു സുരക്ഷിതമായി സഞ്ചരിക്കാവുന്ന സ്ഥലമാണ് നടപ്പാതകൾ. നിലവിൽ റോട്ടറി ജംക്‌ഷനിലെ നടപ്പാതയ്ക്കു തന്നെ ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്. അതിനാൽ റോഡിൽ ഇറങ്ങിയാണ് ഭൂരിഭാഗം ആളുകളും സഞ്ചരിക്കുന്നത്. കഴിഞ്ഞില്ല പ്രശ്നം നടക്കുമ്പോൾ ഇളകുന്ന സ്ലാബുകളും ഉണ്ട്. ഇതും യാത്രക്കാരെ കൂടുതൽ ഭയപ്പെടുത്തുന്നു.
മാത്രമല്ല അമ്പലം ബൈപാസിൽനിന്നു മൂവാറ്റുപുഴ റോഡിലേക്കു കടക്കാൻ അമിതവേഗത്തിലാണ് ജംക്‌ഷനിലേക്കു വാഹനങ്ങൾ എത്തുന്നത്. ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുക. ഏറെ സമയം എടുത്താണ് ഇവിടെനിന്നു യാത്രക്കാർ റോഡിന്റെ ഇരുഭാഗത്തേക്കും കടക്കുന്നത്. പ്രായമായവർക്കാണ് ഏറെ ദുരിതം. എടുത്തുമാറ്റിയ സ്ലാബുകൾ ഉടൻ സ്ഥാപിക്കാനും ഗ്യാപ്പുകൾ നികത്താനുമുള്ള നടപടികൾ അധികൃതർ ഉടൻ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.