ശുദ്ധജല പൈപ്പ് പൊട്ടിയിട്ടും ജലഅതോറിറ്റിക്ക് അനക്കമില്ല; പൈപ്പ് നിങ്ങളുടെ വകുപ്പ് തന്നെയല്ലേ?

Mail This Article
നെടുങ്കണ്ടം ∙ പതിവുപോലെ തന്നെ വേനൽ കനക്കുന്നതിനൊപ്പം ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകൾ പൊട്ടിത്തുടങ്ങി. നന്നാക്കാൻ വേണ്ടത്ര ജീവനക്കാരില്ലെന്നാണ് വകുപ്പിന്റെ വാദം. നെടുങ്കണ്ടം ടൗണിലെ ശുദ്ധജല പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർക്ക് കുലുക്കമില്ല. നെടുങ്കണ്ടം- കോമ്പയാർ റോഡിൽ എസ്ഡിഎ സ്കൂളിനു സമീപം രണ്ടിത്താണ് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. സ്‌കൂളിന് സമീപവും ഭഗവതിപ്പടി ഭാഗത്തും പൈപ്പ് പൊട്ടി ഒഴുകുന്ന ജലം റോഡിലൂടെ ഒഴുകുകയാണ്.
വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നാട്ടുകാർ അലയുമ്പോഴാണ് ശുദ്ധജലം റോഡിലൂടെ ഒഴുകുന്നത്. മുൻപ് ചെറിയ രീതിയിൽ വെള്ളം പുറത്തേക്ക് വന്നപ്പോൾ തന്നെ അധികാരികളെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം ശ്രദ്ധയിൽപെട്ടെന്നും ജീവനക്കാരുടെ കുറവുമൂലമാണ് തകരാർ പരിഹരിക്കാൻ വൈകുന്നതെന്നുമാണ് ജലഅതോറിറ്റി പറയുന്നത്.
വേനൽക്കാലം ആരംഭിച്ചതോടെ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടങ്ങി. പലസ്ഥലങ്ങളിലും രണ്ടായിരം ലീറ്ററിന് രണ്ടായിരം രൂപയോളം നൽകിയാണ് ശുദ്ധജലം വാങ്ങുന്നത്. വേനൽമഴ വൈകിയാൽ ശുദ്ധജല ക്ഷാമം രൂക്ഷമായേക്കാമെന്നും ആശങ്കയുണ്ട്.