മലക്കപ്പാറ കാണണോ, ആഡംബര കപ്പലിൽ യാത്ര പോകണോ?; അവസരം ഒരുക്കി തൊടുപുഴ കെഎസ്ആർടിസി
Mail This Article
തൊടുപുഴ ∙ മലക്കപ്പാറ, ആഡംബര കപ്പൽ യാത്രകൾ ഒരുക്കി കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെൽ. 16ന് ഒരുക്കുന്ന മലക്കപ്പാറ യാത്ര രാവിലെ 6ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തും. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും വനത്തിലൂടെ 50 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്നാട് ഗ്രാമമായ മലക്കപ്പാറയും ഷോളയാർ അണക്കെട്ടും സന്ദർശിക്കുവാൻ കഴിയുന്ന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഒരാൾ 750 രൂപയാണ് (ഭക്ഷണച്ചലവുകൾ ഉൾപ്പെടുന്നില്ല) നിരക്ക്. 22ന് ഒരുക്കുന്ന ആഡംബര കപ്പൽ യാത്ര ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തും.
കൊച്ചി ബോൾഗാട്ടിയിൽ എത്തി അവിടെ നിന്നാണ് കപ്പൽ യാത്ര ആരംഭിക്കുക. അറബിക്കടലിൽ 5 മണിക്കൂർ ചെലവഴിക്കാൻ കഴിയുന്ന ഉല്ലാസ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. 250 ലൈഫ് ജാക്കറ്റുകളും 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകളും രണ്ട് ലൈഫ് ബോട്ടും ഉള്ള മൂന്നു നിലയുള്ള കപ്പലിലാണ് യാത്ര. പാട്ട്, ഡാൻസ്, ഗെയിം, തിയറ്റർ, കളിസ്ഥലം എന്നിവയ്ക്കു പുറമേ അൺലിമിറ്റഡ് ബുഫെ ഡിന്നർ, അപ്പർ ഡെക്കർ കാഴ്ച എന്നിവയും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ രാത്രികാല ദൃശ്യങ്ങൾ കാണാവുന്ന 30 കിലോമീറ്ററോളം കടൽ യാത്രയാണ് ലഭിക്കുക. മുതിർന്നവർക്കു 3540 രൂപയും 5– 10 വയസ്സുള്ള കുട്ടികൾക്കു 1250 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് ഫോൺ: 8304889896, 9744910383.