കുളമാവ് ടൗണിൽ കാട്ടാന; ജനങ്ങൾ ഭീതിയിൽ

Mail This Article
കുളമാവ്∙ അറക്കുളം പഞ്ചായത്തിലെ 3, 4, 5 വാർഡുകൾ ചേർന്നതും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ കുളമാവ് ടൗണിൽ വരെ കാട്ടാനയെത്തി. ദിവസങ്ങളോളം പ്രദേശത്ത് തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാക്കി. വനാതിർത്തിയിലുള്ള കുളമാവ്, പൊട്ടൻപടി വരെ കാട്ടാന എത്തുന്നത് പതിവായി. മൂലമറ്റത്തിന് ഏതാനും കിലോമീറ്റർ സമീപത്തുവരെയാണ് ആന എത്തിയിരിക്കുന്നത്. പൊട്ടൻപടിക്കും മൂലമറ്റത്തിനുമിടയിൽ കാര്യമായ ജനവാസമില്ലാത്തതിനാൽ മൂലമറ്റത്തുള്ളവരും ആശങ്കയിലായി. കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യജീവികൾ ഉള്ളതിനാൽ തെങ്ങ്, കമുക്, കാപ്പി, വാഴ, മറ്റ് കൃഷികൾ അടക്കം നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടവും നാട്ടുകാരുടെ ജീവന് വരെ ഭീഷണി ഉണ്ടായിട്ടും ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ സംഭവ സ്ഥലം സന്ദർശിക്കാത്തത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
ഈ മേഖല വനഭൂമിയാക്കാനുള്ള സർക്കാരിന്റെ രഹസ്യ നീക്കത്തിന് ഇവർ കൂട്ടുനിൽക്കുകയാണ് എന്നാണ് കുളമാവിലെ കർഷകർ പറയുന്നത്. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കാട്ടാന ഉണ്ടാക്കിയത്. നാല് വർഷമായി കുളമാവിലെ കലംകമഴ്ത്തി, പോത്തുമറ്റം പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടാന നിത്യസാന്നിധ്യമായി മാറി.
എന്നാൽ കൂടുതൽ ജനവാസമുള്ളയിടങ്ങളിലേക്ക് കടന്നുകയറി തെങ്ങിൻ തോപ്പുകൾ ഉൾപ്പെടെ നശിപ്പിക്കാൻ തുടങ്ങിയത് അടുത്തയിടെയാണ്. 500 വാഴകൾ കൃഷി ചെയ്തിരുന്ന കൃഷിയിടത്തിലെ വാഴകൾ മുഴുവനും കാട്ടാന നശിപ്പിച്ചതിനെ തുടർന്നാണ് കല്ലും കൂട്ടത്തിൽ സന്തോഷ് കുമാർ കൃഷി ഉപേക്ഷിച്ചത്. കാട്ടാന നാശനഷ്ടം വരുത്തിയ കർഷകരുടെ കൃഷിയിടങ്ങൾ ബിജെപി പ്രതിനിധി സംഘം സന്ദർശിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും, ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.എ.വേലുക്കുട്ടൻ, അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ.രാജേഷ്, കെ.പി.മധുസൂദനൻ, ജോണി, ഓമനക്കുട്ടൻ, രാമചന്ദ്രൻ, ബിജു, കിരൺ, ഉണ്ണി എന്നിവരാണ് സന്ദർശിച്ചത്.