പരുന്തുംപാറ ഭൂമി കയ്യേറ്റം; രണ്ടു സർവേ നമ്പറുകളിലെ മുഴുവൻ പട്ടയങ്ങളും പരിശോധിക്കും

Mail This Article
പീരുമേട്∙ പരുന്തുംപാറയിലെ രണ്ട് സർവേ നമ്പറുകളിലെ മുഴുവൻ പട്ടയങ്ങളും അന്വേഷണ സംഘം പരിശോധിക്കും. മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, പീരുമേട് വില്ലേജിലെ സർവേ നമ്പർ 534 എന്നിവയിൽ വരുന്ന പട്ടയങ്ങളാണ് പരിശോധിക്കുക. മുഴുവൻ പട്ടയ ഉടമകൾക്കും നോട്ടിസ് നൽകും. താലൂക്ക് ഓഫിസിലെ പട്ടയ റജിസ്റ്ററുകളിൽ ക്രമക്കേട് നടത്തിയ ശേഷം ഉദ്യോഗസ്ഥ സംഘം പരുന്തുംപാറയിൽ പുറമ്പോക്ക് ഭൂമി വ്യാപകമായി പതിച്ചു നൽകിയതായി എസ്ഐടി കണ്ടെത്തിയിരുന്നു.പട്ടയത്തിനുള്ള അപേക്ഷകളിൽ പൂർണമായ വിവരങ്ങളില്ല. പട്ടയ സ്കെച്ചുകൾ ചേർത്തുള്ള ഗ്രൂപ്പ് സ്കെച്ചുകൾ ഇല്ലാതെയാണ് പട്ടയങ്ങൾ നൽകിയിരിക്കുന്നത്. പട്ടയവും കൈവശത്തിലിരിക്കുന്ന ഭൂമിയും തമ്മിൽ ബന്ധമില്ലാത്ത ഏക്കറുകണക്കിന് ഭൂമി രണ്ടു സർവേ നമ്പരുകളിലുമുണ്ട്. പട്ടയ അപേക്ഷകളിൽ കാണുന്ന ഒപ്പുകളും മഹസറിലെ ഒപ്പുകളും തമ്മിൽ വ്യത്യാസവും കാണാം. പട്ടയങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ സൂക്ഷിക്കുന്ന ഒന്നാം നമ്പർ, രണ്ടാം നമ്പർ റജിസ്റ്ററുകൾ താലൂക്ക് ഓഫിസിലില്ല. ഈ സാഹചര്യത്തിലാണ് പട്ടയങ്ങൾ പരിശോധിക്കാനും ഇതിൽ പറയുന്ന സ്ഥലം തന്നെയാണോ കൈവശത്തിലുള്ളതെന്നും പരിശോധിക്കുന്നത്.
ആവശ്യപ്പെട്ടത് 1.50, നൽകിയത് 2.80
പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചത് 1.50 ഏക്കറിന്, എന്നാൽ പീരുമേട്ടിലെ ഉദാരമതികളായ റവന്യു ഉദ്യോഗസഥർ പതിച്ചു നൽകിയത് 2.80 ഏക്കർ. മാരിയപ്പൻ, പട്ടുമല പുതുവൽ എന്ന അപേക്ഷന്റെ പേരിലാണ് ആവശ്യപ്പെട്ടതിലും 1.30 ഏക്കർ അധിക ഭൂമിക്ക് ഉദ്യോഗസ്ഥർ പട്ടയം നൽകിയതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. പലർക്കും നിലവിൽ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയമല്ല പക്കലുള്ളത്. കൂടാതെ പട്ടയത്തിൽ പറയുന്നതിലും അധിക സ്ഥലങ്ങളും ഭൂരിപക്ഷം പേരുടെയും കൈവശത്തിലുണ്ട്. നിർധനരായ പട്ടികജാതി വിഭാഗങ്ങൾ സൗജന്യ ഭൂമി പതിവ് പ്രകാരം നൽകിയ സ്ഥലങ്ങളിൽ ഇപ്പോൾ ബഹുനില മന്ദിരങ്ങൾ ഉയർന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ഒരു വിധ നികുതിയും ഈടാക്കാതെ നൽകിയ ഭൂമിയും കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അഞ്ച് സെന്റിനും, 10 സെന്റിനും പട്ടയം തേടി അപേക്ഷ നൽകി നൂറുകണക്കിന് പേർ ഇപ്പോഴും ഇടുക്കി ജില്ലയിൽ ഓഫിസുകൾ കയറിയിറങ്ങി അലയുമ്പോഴാണ് ചോദിച്ചതിലും ഇരട്ടി ഭൂമിക്ക് പരുന്തുംപാറയിൽ പട്ടയം നൽകിയെന്ന റിപ്പോർട്ട്.