കസേരയിൽ ഇരുന്ന് അവതരണം; ആസിഫിന് ആവേശമാണ് മിമിക്രി

Mail This Article
തൊടുപുഴ ∙ മിമിക്രി ഇനത്തിൽ രാഷ്ട്രീയ നേതാക്കളെയും നടൻമാരെയും അവതരിപ്പിച്ച് സദസ്സിനെ ഇളക്കിമറിച്ചപ്പോൾ ആസിഫ് ഉമ്മറിന്റെ ശാരീരിക അവശതകളെല്ലാം മാറിനിന്നു. സെറിബ്രൽ പാൾസി ബാധിച്ച ആസിഫിന് നിൽക്കാൻ കഴിയാത്തതിനാൽ കസേരയിൽ ഇരുന്നാണ് അവതരണം. ഉമ്മൻ ചാണ്ടിയെ അവതരിപ്പിച്ചായിരുന്നു തുടക്കം. തുടർന്ന് വെള്ളാപ്പള്ളി നടേശൻ, കൊച്ചുപ്രേമൻ, എൻ.എൻ.പിള്ള, വിനയ് ഫോർട്ട് എന്നിവർ തട്ടും തടവുമില്ലാതെ ഒഴുകിയെത്തി.
ഇതെല്ലാം കണ്ട് ചെറുപുഞ്ചിരിയോടെ പിതാവ് പി.കെ.ഉമ്മർ സദസ്സിന്റെ ഒരു ഭാഗത്തുനിന്ന് വിഡിയോ പകർത്തുന്നുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങൾ നോക്കിയാണ് അനുകരണം തുടങ്ങിയത്. പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയുടെ മുന്നിലും ആസിഫ് അദ്ദേഹത്തെ അവതരിപ്പിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളജിലെ മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിയായ ആസിഫ് ഇടവെട്ടി സ്വദേശിയാണ്.