ലോഷൻ നിർമാണത്തിൽ വിജയംകണ്ട് പ്രതീക്ഷാഭവൻ

Mail This Article
തൊടുപുഴ ∙ ലോഷൻ നിർമാണവുമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. വൊക്കേഷനൽ ട്രെയിനിങ് യൂണിറ്റിന്റെ ഭാഗമായാണ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്‌ലറ്റ് ക്ലീനർ എന്നിവ നിർമിക്കുന്നത്. പത്ത് മാസമായി പ്രവർത്തനം ആരംഭിച്ചിട്ട്. 18നും 45നും വയസ്സിനു ഇടയിൽ പ്രായമുള്ള 40 വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 50 പേരാണ് പ്രവർത്തനത്തിൽ പങ്കാളികൾ. നിർമിക്കുന്ന ലോഷനുകൾ സ്കൂൾ ആവശ്യത്തിനു പുറമേ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരാണ് വാങ്ങുന്നത്. ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നിവയ്ക്ക് ഒരു ലീറ്ററിന് 50 രൂപയാണ്. ടോയ്‌ലറ്റ് ക്ലീനർ ഒരു ലീറ്റർ 70 രൂപയും 5 ലീറ്റർ 330 രൂപയുമാണ് വില.
സ്കൂൾ സമയങ്ങളിലാണ് പ്രധാനമായും നിർമാണം. പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി.ഫ്രാൻസിസ് ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. നിലവിൽ ഒരു ലക്ഷം രൂപയ്ക്കുള്ള ലോഷനുകൾ വിറ്റുപോയതായി അധ്യാപിക രശ്മി എസ്. നായർ പറഞ്ഞു. ഉൽപന്നങ്ങൾ പൊതുവിപണിയിലേക്കു കൂടി വിപണനം നടത്താനുള്ള ശ്രമത്തിലാണ് വിദ്യാലയം.