യുവാവിന്റെ കാലിലെ മുറിവിനുള്ളിൽ ലോഹക്കഷണം; തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവ്
Mail This Article
തൊടുപുഴ ∙ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സപ്പിഴവു മൂലം കാലിലുണ്ടായ മുറിവിനുള്ളിൽ ലോഹക്കഷണവുമായി യുവാവ് വേദനിച്ചതു രണ്ടാഴ്ച. ഇതിനു പുറമേ മുറിവിൽ പഴുപ്പു ബാധിച്ച് മുറിവ് ഗുരുതരമായി. ഒടുവിൽ ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു കണ്ടെത്തിയത്.
ഇടവെട്ടി സ്വദേശി വടക്കേചെറുകോട്ടിൽ മുഹമ്മദ് ഹാജ(28) യാണു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തി ദുരിതത്തിലായത്. മാർച്ച് 29നു ജോലി സ്ഥലത്ത് മുഹമ്മദ് ഹാജയുടെ കാലിൽ ഗ്രൈൻഡർ തട്ടി മുറിവുണ്ടായി. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ആഴത്തിലുള്ള മുറിവായതിനാൽ ഞരമ്പ് മുറിഞ്ഞിട്ടുണ്ടോയെന്ന് അറിയാനായി ഡോക്ടറുടെ നിർദേശപ്രകാരം എക്‌സ് റേ എടുത്ത് പരിശോധിച്ചു.
തുടർന്നു മുറിവിൽ തുന്നലിട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ വന്നു മുറിവിൽ മരുന്നു വച്ച് ഡ്രസ് ചെയ്യണമെന്നും നിർദേശിച്ചു. ഇതനുസരിച്ച് ഏപ്രിൽ ഒന്നിനെത്തി. എന്നാൽ പഴുപ്പ് കുറയാത്തതിനാൽ പിറ്റേന്നു വീണ്ടുമെത്തി ഡോക്ടറെക്കണ്ട് കാര്യം പറഞ്ഞു. ഡോക്ടറാകട്ടെ സർജന്റെ അടുക്കലേക്കു പറഞ്ഞയച്ചു. പരിശോധന നടത്തി തുടർന്നുള്ള എല്ലാ ദിവസവും മുറിവിൽ മരുന്നു വച്ച് ഡ്രസ് ചെയ്യാൻ സർജൻ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തി മരുന്നു വച്ചെങ്കിലും പഴുപ്പ് കുറയുന്നുണ്ടായിരുന്നില്ല.
ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ 8നു തുന്നൽ നീക്കാൻ നിർദേശിച്ചു. ഇതിനു ശേഷവും മാറ്റമുണ്ടായില്ല. ഈ സമയമൊക്കെയും ആശുപത്രിയിൽ നിന്നു നൽകിയ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. പഴുപ്പും വേദനയും കൂടിയതോടെ ഇന്നലെ രാവിലെ ഇടവെട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു. ഇവിടത്തെ ഡോക്ടർ നടത്തിയ പരിശോധനയിൽ കാലിലെ മുറിവിനുള്ളിൽ അപകടത്തിനിടയാക്കിയ ഗ്രൈൻഡറിന്റെ ലോഹക്കഷണം തറഞ്ഞിരിക്കുന്നതായി കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നെന്നു മുഹമ്മദ് ഹാജ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ചികിത്സിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കും സർജനും ഡ്രസിങ് നടത്തിയ നഴ്സുമാർക്കും എതിരെ ആശുപത്രി സൂപ്രണ്ടിനു രേഖാമൂലം പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.