പൈപ്പ് കൂട്ടിയിടാൻ മറ്റൊരു സ്ഥലവും കിട്ടിയില്ലേ? വാഹന ഗതാഗതത്തിന് ഭീഷണി

Mail This Article
അടിമാലി ∙ ജൽ ജീവൻ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ സുഗമമായ വാഹന ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നു. ഇതോടൊപ്പം ചിലയിടങ്ങളിൽ റോഡ് സൈഡിൽ പൈപ്പുകൾ സ്ഥാപിച്ച ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടത്താൻ കാലതാമസമുണ്ടായതിനെ തുടർന്ന് വേനൽ മഴയിൽ മണ്ണ് ഒലിച്ചുപോയി കിടങ്ങ് രൂപാന്തരപ്പെട്ടതോടെ ഇതുവഴിയുള്ള കാൽനട യാത്രികരും ദുരിതത്തിലായി.
മുനിയറ– തിങ്കൾക്കാട് റോഡിൽ കൊടുംവളവോടു കൂടിയ ഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പൈപ്പുകളിൽ തട്ടി ഒരാഴ്ചയ്ക്കുള്ളിൽ പത്തിലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവ റോഡരികിലെ വീതിയുള്ള ഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ല. കഴിഞ്ഞ 2 ദിവസങ്ങളിലായി വീണ്ടും അപകടങ്ങൾ തുടർക്കഥയായി മാറിയതോടെ അപകടത്തിൽപെട്ട വാഹനത്തിന്റെ ഉടമകൾ വെള്ളത്തൂവൽ പൊലീസിൽ പരാതിയുമായെത്തി.
ഇതോടൊപ്പം നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ ഇന്നലെ ഉച്ചയോടെ അപകടം ക്ഷണിച്ചു വരുത്തിയിരുന്ന പൈപ്പുകൾ ബന്ധപ്പെട്ടവർ വീതിയുള്ള ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്.ഇതിനിടെ പണിക്കൻകുടി–പൊന്മുടി ബീനാ മോൾ റോഡിലെ നിരപ്പേൽപടി – പള്ളിസിറ്റി ഭാഗത്ത് സ്ഥാപിച്ചിരുന്ന പൈപ്പ് മണ്ണിട്ടു മൂടിയെങ്കിലും കോൺക്രീറ്റ് ജോലികൾ നടത്താൻ കൂട്ടാക്കാതെ വന്നത് അപകടക്കെണിക്കു കാരണമായിട്ടുണ്ട്. വേനൽ മഴയിൽ പൈപ്പ് മൂടിയിരുന്ന മണ്ണ് ഒലിച്ചുപോയതോടെ വലിയ കിടങ്ങാണ് റോഡരികിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള കാൽനട യാത്രയും ഗതാഗതവും ദുരിതമായി മാറുകയാണ്.