ADVERTISEMENT

ചെറുതോണി ∙ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാനായുള്ള യാത്ര അനിന്റയുടെ അവസാന യാത്രയായി മാറിയത് വിശ്വസിക്കാനാവാതെ കീരിത്തോട് ഗ്രാമം. നേര്യമംഗലത്തിനു സമീപം മണിയമ്പാറയിലുണ്ടായ വാഹനാപകടത്തിൽപെട്ട് തെക്കുമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനിന്റ (15) മരിച്ച വിവരം വിതുമ്പലോടെയാണ് കീരിത്തോട്ടിലെയും കഞ്ഞിക്കുഴിയുമെല്ലാം നാട്ടുകാർ അറിഞ്ഞത്. തെക്കുമറ്റത്തിലെ അച്ചൂട്ടി അന്നാട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാനായി കെഎസ്ആർടിസി ബസിൽ അമ്മ മിനിയോടൊപ്പം പോകുമ്പോൾ ആയിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ മിനി കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

6 വർഷം മുൻപാണ് പിതാവ് ബെന്നി കാൻസർ ബാധിച്ച് മരിക്കുന്നത്. തുടർന്ന് അമ്മ മിനി ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. മൂത്തയാൾ അമാൻഡ നഴ്സിങ് വിദ്യാർഥിയാണ്. അനിന്റയുടെ വേർപാടിനെ തുടർന്ന് കോലഞ്ചേരി ആശുപത്രിയിൽനിന്നു അമാൻഡയെ ഡിസ്ചാർജ് ചെയ്ത് ബന്ധുക്കൾ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അമ്മ മിനിക്കൊപ്പം രാത്രി കീരിത്തോട്ടിലെ വീട്ടിൽ എത്തി. എല്ലാവരോടും കുശല പ്രശ്നം നടത്തിയിരുന്ന അച്ചൂട്ടി കത്തിപ്പാറത്തടത്തിലെ ഇടവക പള്ളിയിലും കഞ്ഞിക്കുഴിയിലെ സ്കൂളിലുമെല്ലാം പൂമ്പാറ്റയായിരുന്നു.

കീരിത്തോട്ടിലെ അനിന്റയുടെ വീട്.
കീരിത്തോട്ടിലെ അനിന്റയുടെ വീട്.

പഠനത്തിൽ മിടുക്കിയായിരുന്ന അനിന്റ സ്കൂൾ ഗായക സംഘത്തിലും നൃത്ത സംഘത്തിലും സജീവ സാന്നിധ്യമായിരുന്നെന്ന് ക്ലാസ് അധ്യാപിക എം.ഡി.അനീഷ്യ പറഞ്ഞു. കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ഗായക സംഘാംഗമായിരുന്ന അനിന്റയുടെ ആകസ്മികമായ വേർപാടിൽ ഇടവക സമൂഹവും വിതുമ്പുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി വീട്ടിൽ എത്തിച്ചു.സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക്  പതിച്ച് പെൺകുട്ടി മരിച്ചു

കോതമംഗലം ∙ ഇടുക്കി റോഡിൽ നേര്യമംഗലത്തിനു സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു പതിച്ചു പെൺകുട്ടി മരിച്ചു. 20 പേർക്കു പരുക്കേറ്റു. ചെറുതോണി കഞ്ഞിക്കുഴി കീരിത്തോട് തെക്കുംമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനിന്റ ബെന്നി (15) ആണു മരിച്ചത്. അനിന്റയുടെ അമ്മ മിനി ഉൾപ്പെടെ 20 പേരെ കോതമംഗലത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കുമളിയിൽ നിന്ന് എറണാകുളത്തിനു പോകുകയായിരുന്ന ബസ് വളവു തിരിയുന്നതിനിടെ പിൻടയർ റോഡരികിലെ ഓടയുടെ തിട്ടയിൽ ഇടിച്ചു നിയന്ത്രണംവിട്ട് എതിർദിശയിലെ പത്തടിയോളം താഴ്ചയിലേക്ക് ഊർന്നിറങ്ങുകയായിരുന്നു.

ഡ്രൈവറുടെ പിൻസീറ്റിലായിരുന്ന പെൺകുട്ടി തെറിച്ചു മുൻചില്ല് തകർന്നു ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചു ബസ് നീക്കി കുട്ടിയെ പുറത്തെടുത്തു കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കോലഞ്ചേരിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സിങ് വിദ്യാർഥിയായ സഹോദരി അമാൻഡയെ കാണാൻ പോകുമ്പോഴാണ് അപകടം. 51 പേരാണ് ബസിലുണ്ടായിരുന്നത്. അനിന്റയുടെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. കഞ്ഞിക്കുഴി എസ്എൻ ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

English Summary:

15-year-old Aninta Benny tragically died in a KSRTC bus accident near Neriamangalam, Kerala. The accident left her mother injured and the Keerithot community mourning.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com