മൂന്നാർ പുഷ്പമേള മേയ് 1 മുതൽ 10 വരെ; മേളയിൽ 400ലധികം പൂക്കളും ചെടികളും
Mail This Article
മൂന്നാർ ∙ ജില്ലാ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 4-ാമത് മൂന്നാർ പുഷ്പമേള മേയ് 1 മുതൽ 10 വരെ നടക്കുമെന്നു എ.രാജാ എംഎൽഎ അറിയിച്ചു. ദേവികുളം റോഡിലുള്ള വിനോദസഞ്ചാര വകുപ്പിന്റെ (ഡിടിപിസി) ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാർ പുഷ്പമേള 2025 നടത്തുന്നത്. മൂന്നാറിന്റെ തനതു പൂക്കൾക്കൊപ്പം വിദേശയിനങ്ങൾ ഉൾപ്പെടെ പുതിയ 400ലധികം തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസീലിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
ഒരു ലക്ഷത്തിലധികം ചെടികളാണ് ബോട്ടാണിക്കൽ ഗാർഡനിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഉണ്ടായിരിക്കും. മിനി റിവർസൈഡ് ബീച്ച്, മ്യൂസിക്കൽ ഫൗണ്ടൻ, സെൽഫി പോയിന്റ്, വിവിധതരം സ്റ്റാളുകൾ, ഭക്ഷണശാലകൾ, അലങ്കാര ദീപങ്ങൾ എന്നിവയും ഉണ്ടാകും. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പുഷ്പമേള സംഘടിപ്പിക്കുന്നതെന്നു എംഎൽഎ പറഞ്ഞു. മുതിർന്നവർക്കു 100, കുട്ടികൾക്കു 50 രൂപ എന്നിങ്ങനെയാണു നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണു പ്രദർശനം.