ഇ–മാലിന്യം റോഡരികിൽ; ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം വഴിയിൽ കൂട്ടിയിടുന്നു

Mail This Article
തൊടുപുഴ ∙ പെരുമ്പിള്ളിച്ചിറ മഠത്തിക്കണ്ടം ജംക്‌ഷനിൽ ഹരിത കർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന ട്യൂബ് ലൈറ്റ് ഉൾപ്പെടെയുള്ള ഇ–മാലിന്യം അലക്ഷ്യമായി റോഡരികിൽ കൂട്ടിയിടുന്നത് വ്യാപകമാകുന്നു. ചാക്കുകളിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യത്തിനു പുറമേയാണ് അപകടകരമായ ട്യൂബ് ലൈറ്റുകളുടെ കെട്ടുകൾ പേപ്പർ കൊണ്ടുപോലും പൊതിയാതെ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലായതിനാൽ ഇത് കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ ഏറെ അപകടഭീഷണിയാണ് ഉയർത്തുന്നത്.
ഇവിടങ്ങളിലെ റോഡിന്റെ ഇരുഭാഗങ്ങളിൽ മാത്രമല്ല വീടുകളുടെ സമീപത്തു പോലും ഇത്തരത്തിൽ മാലിന്യം കൂട്ടിയിടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഉടൻ നീക്കം ചെയ്യുമെന്നു പറഞ്ഞാണ് ഇങ്ങനെ കൂട്ടിയിടുന്നത്. എന്നാൽ മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങൾ വരുന്നതുവരെ ആഴ്ചകളോളം ഇത്തരത്തിൽ റോഡരികിൽ മാലിന്യം കിടക്കാറുണ്ട്. പരാതി പറഞ്ഞ് നാട്ടുകാരും മടുത്തു. കൂട്ടിയിടുന്ന മാലിന്യം ഉടൻ നീക്കണമെന്നും വീടുകളിൽ നിന്നു ശേഖരിക്കുന്ന ദിവസം തന്നെ മാലിന്യം കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നുമുള്ള ആവശ്യം ശക്തമാണ്.