തൊമ്മൻകുത്ത്-കരിമണ്ണൂർ–തൊടുപുഴ റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യം
Mail This Article
കരിമണ്ണൂർ ∙ തൊമ്മൻകുത്ത് - കരിമണ്ണൂർ – തൊടുപുഴ റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്ത് വഴി നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ല. അതേ സമയം ഇതുവഴി സ്ഥിരം പെർമിറ്റുള്ള ചില സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് മുടക്കുന്നതായും പരാതിയുണ്ട്. വൈകിട്ട് 7ന് മുളപ്പുറം വഴി തൊടുപുഴയ്ക്ക് പോകേണ്ട ബസാണ് ട്രിപ്പുകൾ മുടക്കുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ പല സ്വകാര്യ ബസുകളും ട്രിപ്പുകൾ മുടക്കുകയാണ്. ഈ വിവരം അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
വൈകിട്ട് 6.15ന് ശേഷം വണ്ണപ്പുറം തൊമ്മൻകുത്ത് വഴി യാത്ര ചെയ്യുന്നതിന് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ടൂറിസ്റ്റ് കേന്ദ്രം കൂടി ആയിട്ടും ഈ മേഖലയിലേക്ക് ഒരു കെഎസ്ആർടിസി പോലും അനുവദിക്കാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ഗ്രാമീണ മേഖലയെ കെഎസ്ആർടിസി അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. വർഷങ്ങൾക്ക് മുൻപ് തൊമ്മൻകുത്തിനു കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നു. ഇപ്പോൾ റോഡുപണിയുടെ പേര് പറഞ്ഞാണ് സ്വകാര്യ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതെന്നാണ് പറയുന്നത്.നാട്ടുകാരുടെ യാത്ര ദുരിതം അവസാനിപ്പിക്കാൻ ഗതാഗത വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.