ADVERTISEMENT

അടിമാലി ∙ കൊമ്പൊടിഞ്ഞാലിൽ വീടിനു തീപിടിച്ചു നാലു പേർ ദാരുണമായി മരിച്ചതു പുറംലോകം അറിയാൻ വൈകിയതിനു കാരണം മലമുകളിലെ വീടിനു സമീപത്തു മറ്റു വീടുകൾ ഇല്ലാത്തതും വീടിനു ചുറ്റും കൃഷി ദേഹണ്ഡങ്ങൾ വളർന്നു പന്തലിച്ചതും. കുന്നിൻ പ്രദേശത്തിന്റെ നടുഭാഗത്താണ് തെള്ളിപ്പടവിൽ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ് , ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ താമസിച്ചിരുന്ന വീട്. വെള്ളിയാഴ്ച രാത്രി തീപടർന്ന് വീടിനു ചുറ്റും നിന്ന ഉയരത്തിലുള്ള കായ്ച്ച മാവ്, ജാതി, വാഴ ഉൾപ്പെടെയുള്ളവയുടെ ഒരു വശം കരിഞ്ഞു.

ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ വീട്ടിലെ തീപിടിത്തത്തിൽ മരിച്ച ശുഭ, മൂത്ത മകൻ അഭിനന്ദ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങൾ കാർഡ്ബോർഡ് 
പെട്ടികൾക്കുള്ളിലാക്കി പോസ്റ്റ്മോർട്ടത്തിനായി വീട്ടിൽനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്കു 
കൊണ്ടുപോകുന്നു. ചിത്രം: റെജു അർനോൾഡ്∙ മനോരമ
ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ വീട്ടിലെ തീപിടിത്തത്തിൽ മരിച്ച ശുഭ, മൂത്ത മകൻ അഭിനന്ദ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങൾ കാർഡ്ബോർഡ് പെട്ടികൾക്കുള്ളിലാക്കി പോസ്റ്റ്മോർട്ടത്തിനായി വീട്ടിൽനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നു. ചിത്രം: റെജു അർനോൾഡ്∙ മനോരമ

ഓട്, ഷീറ്റ് എന്നിവ ഉപയോഗിച്ചു മേഞ്ഞിരുന്ന 5 പതിറ്റാണ്ടോളം പഴക്കമുള്ള വീട് മഴക്കാലത്ത് നനയുന്നതിനാൽ മേൽക്കൂര പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് മൂടിയിരുന്നു.തീ പടർന്നതോടെ വീടിന്റെ കഴുക്കോൽ, കതക്, കട്ടിള തുടങ്ങിയ മരത്തിന്റെ സാമഗ്രികൾ കത്തിയമർന്നു. മേച്ചിൽ ഓടും വീടിനുള്ളിലേക്ക് പതിച്ചു. ശനിയാഴ്ച രാവിലെയോടെ തീയണഞ്ഞതിനാൽ നാട്ടുകാരുടെ ശ്രദ്ധ ഇവിടേക്ക് ഉണ്ടായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുരക്ഷിത ഇടം തേടി
കയറ്റിറക്കമുള്ള ഒറ്റയടിപ്പാതയിലൂടെ വീട്ടിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാനായി അടുത്ത ആഴ്ച വീടു മാറാൻ ശുഭ തീരുമാനിച്ചിരുന്നു. കൊമ്പൊടിഞ്ഞാൽ സൗത്ത് റോഡിനു സമീപം നിലവിലെ വീടിനു മുകൾ ഭാഗത്താണ് വാടകവീട് കണ്ടെത്തിയത്. പണിക്കൻകുടി ഗവ. സ്കൂളിൽ മൂന്നാം ക്ലാസിലേക്ക് വിജയിച്ച മകൻ അഭിനന്ദിനും ഇളയ മകൻ അഭിനവിനെ അങ്കണവാടിയിലേക്ക് അയയ്ക്കുന്നതിനുമുള്ള സൗകര്യവും കണക്കിലെടുത്താണ് വാടകവീട് കണ്ടെത്തിയത്. കാലവർഷം ആരംഭിക്കുന്നതോടെ കാലപ്പഴക്കം ചെന്ന വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതും പുറംലോകത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും ശുഭ ഇടയ്ക്ക് പറയുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

അവസാനമായി വീട്ടിൽ എത്തിയത് സഹോദരിയും ഭർത്താവും
മാങ്കുളത്ത് താമസിക്കുന്ന സഹോദരി റബിലയും ഭർത്താവ് സത്യനും വ്യാഴാഴ്ച ശുഭയുടെ വീട്ടിൽ എത്തിയിരുന്നു. ഒരു ദിവസം തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് ഇവർ ശുഭയെ ഫോണിൽ വിളിച്ചു സംസാരിച്ചു. എന്നാൽ ശനിയാഴ്ച വിളിച്ചപ്പോൾ ലഭിച്ചില്ല. വൈകിട്ടോടെ കൊമ്പൊടിഞ്ഞാലിൽ നിന്ന് അയൽവാസി വിളിച്ചപ്പോഴാണ് സംഭവം അറി‍ഞ്ഞത്.

ഒരു കുടുംബത്തിലെ 4 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചു‌
അടിമാലി ∙ പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ കഴിഞ്ഞ ദിവസം വീടിനു തീപിടിച്ചതിനെത്തുടർന്നു കുടുംബത്തിലെ 4 പേരും മരിച്ചതായി സ്ഥിരീകരിച്ചു. തെള്ളിപ്പടവിൽ വീട്ടിലെ 3 പേരെ വീടിനു തീപിടിച്ചു കത്തിയമർന്ന നിലയിൽ ഇന്നലെ പൊലീസ് കണ്ടെത്തി. കുട്ടിയുൾപ്പെടെ 3 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ കുടുംബത്തിലെ നാലു വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഷോർട് സർക്കീറ്റാണു തീപിടിത്തത്തിന്റെ കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലേക്കു പൊലീസ് ശുപാർശ ചെയ്തു.

ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ തീപിടിത്തത്തിൽ മരിച്ച ശുഭയുടെ കത്തി നശിച്ച വീടിനു മുന്നിലെത്തിയപ്പോൾ സഹോദരിയുടെ മകൾ ആർദ്ര പൊട്ടിക്കരയുന്നു. ചിത്രം∙ മനോരമ
ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ തീപിടിത്തത്തിൽ മരിച്ച ശുഭയുടെ കത്തി നശിച്ച വീടിനു മുന്നിലെത്തിയപ്പോൾ സഹോദരിയുടെ മകൾ ആർദ്ര പൊട്ടിക്കരയുന്നു. ചിത്രം∙ മനോരമ

വീട്ടിലുണ്ടായിരുന്ന ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണു മരിച്ചത്. ഇതിൽ അഭിനവിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കഴിഞ്ഞ ദിവസം അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു. ബാക്കി 2 പേരുടെ മൃതദേഹം വീട്ടിലുണ്ടെന്നും ഒരാളെ കണ്ടെത്താനായില്ലെന്നുമാണു പൊലീസ് ആദ്യം അറിയിച്ചിരുന്നത്. ഇന്നലെ രാവിലെ 8.45നു ഫൊറൻസിക് അധികൃതർ വീട്ടിലെത്തി പരിശോധിച്ചു ബാക്കി 3 പേരുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇവ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

പോസ്റ്റ്മോർട്ടം, ഡിഎൻഎ സാംപ്ലിങ്, കെമിക്കൽ അനാലിസിസ് എന്നീ പരിശോധനകൾ പൂർത്തിയാക്കാനുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണു സമീപവാസികൾ വീടു കത്തിയതു കണ്ടത്. തുടർന്നു പരിശോധിച്ചപ്പോൾ അഭിനവിനെ പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തി. കുട്ടിയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെന്ന് അയൽവാസിയായ നെല്ലിയാനികുന്നേൽ മധു പറഞ്ഞു. രാത്രിയായതോടെ സംഭവസ്ഥലം വെള്ളത്തൂവൽ പൊലീസെത്തി സീൽ ചെയ്തു.

തീപിടിത്തത്തിൽ നശിച്ച പിൻവശത്തെ മുറിയിൽ മരിച്ച 4 വയസ്സുകാരൻ അഭിനവിന്റെ ഊഞ്ഞാൽ . ചിത്രം:∙ മനോരമ
തീപിടിത്തത്തിൽ നശിച്ച പിൻവശത്തെ മുറിയിൽ മരിച്ച 4 വയസ്സുകാരൻ അഭിനവിന്റെ ഊഞ്ഞാൽ . ചിത്രം:∙ മനോരമ

ഇന്നലെ രാവിലെ പരിശോധനകൾ പുനരാരംഭിച്ചു. അഭിനന്ദും അഭിനവും മുത്തശ്ശി പൊന്നമ്മയും ഒരു മുറിയിലും ശുഭ മറ്റൊരു മുറിയിലുമാണു കിടന്നിരുന്നത്. അഭിനവ് ഒഴികെ മറ്റുള്ളവരെല്ലാം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അഗ്നിക്കിരയായി.ഏലവും കൊക്കോയും ജാതിയും ഉൾപ്പെടുന്ന കൃഷിയിടത്തിലെ മലഞ്ചെരിവിലാണു തെള്ളിപ്പിടവിൽ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പിൻഭാഗത്തു കുന്നിടിച്ച ചെരിവാണ്. ബാക്കി മൂന്നു വശവും മരങ്ങളാണ്. അടുത്തെങ്ങും വീടുകൾ കാണാവുന്ന ദൂരത്തിലില്ല. അതിനാലാണു സംഭവം പുറത്തറിയാൻ വൈകിയത്.

വെള്ളിയാഴ്ച വൈകിട്ടു വരെ ശുഭയുമായി സംസാരിച്ചെന്നു നാട്ടുകാർ പറയുന്നു. അതിനു ശേഷമാണു സംഭവമുണ്ടായത്. ഓടു മേഞ്ഞ വീട് ചോരുന്നതിനാൽ പടുത വലിച്ചു കെട്ടിയിരുന്നു. ഇതെല്ലാം കത്തിയെരിഞ്ഞു വീടിനു ചുറ്റും വീണിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി തീപിടിച്ചു വീടു കത്തിയെന്നാണു കരുതുന്നത്. വീടിന്റെ ജനാലകളും വാതിലുകളുമെല്ലാം പൂർണമായി കത്തിനശിച്ചു. മേൽക്കൂര പൂർണമായി നിലംപതിച്ചു. വീടിനകത്തിരുന്ന 2 ഇരുമ്പ് അലമാരയ്ക്കകത്തെ സാധനങ്ങളെല്ലാം കത്തിയമർന്നു. ശുഭയുടേതെന്നു കരുതുന്ന തയ്യൽ മെഷീനിന്റെ തടിഭാഗമെല്ലാം അഗ്നിക്കിരയായി. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്ന അടുക്കളയിൽ ഗ്യാസ് സിലിണ്ടറുണ്ടായിരുന്നു. എന്നാൽ ഇതിനു തീപിടിച്ചിട്ടില്ല.

English Summary:

Adimali fire kills four family members. Police are investigating a suspected short circuit as the cause of the devastating blaze in Kombodinjal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com