ADVERTISEMENT

രാജകുമാരി ∙ കാലവർഷം തുടങ്ങും മുൻപേ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായത് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. ദേശീയപാത നവീകരണത്തിന് ശേഷം 8 തവണയാണ് ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടാകുന്നത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ മലയിടിച്ചിലിനു ശേഷം ഇതുവഴിയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തിയിരുന്നു. തുടർന്ന് ചൊവ്വാ രാവിലെ മുതൽ വീണ്ടും വാഹനങ്ങൾ കടത്തിവിട്ടു. ഗ്യാപ് റോഡിൽ മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനമാെരുക്കാൻ ദേശീയപാത വിഭാഗം പദ്ധതി തയാറാക്കിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.

മാണ്ഡി ഐഐടി, കരസേന, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ലാൻഡ് സ്ലിപ് ഡിറ്റക്‌ഷൻ സിസ്റ്റം ഗ്യാപ് റോഡിൽ ഉപയോഗിക്കാൻ 2 വർഷം മുൻപ് ദേശീയപാത വിഭാഗം തീരുമാനമെടുത്തിരുന്നു. പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചു. എന്നാൽ തുടർ നടപടികളുണ്ടായില്ല.

നേരത്തെ കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം 2 തവണ ഗ്യാപ് റോഡിലെ മലയിടിച്ചിലിനെ കുറിച്ച് പഠനം നടത്തിയിരുന്നു. ഇവരുടെ പഠന റിപ്പോർട്ടിൽ, അപകടഭീഷണിയുയർത്തുന്ന പാറകൾ പാെട്ടിച്ചു നീക്കി ചെരിഞ്ഞ പ്രതലങ്ങൾ സിമന്റുപയോഗിച്ച് ഉറപ്പിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഗ്യാപ് റോഡിലെ അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചില്ല. കാലവർഷം ശക്തി പ്രാപിക്കും മുൻപ് മലയിടിച്ചിൽ ഭീഷണിയാെഴിവാക്കുന്നതിനോ മുന്നറിയിപ്പ് സംവിധാനമാെരുക്കുന്നതിനോ നടപടി സ്വീകരിക്കണമെന്നാണ് ഇതുവഴി സഞ്ചരിക്കുന്ന ഡ്രൈവർമാരുടെ ആവശ്യം.

മലയിടിച്ചിൽ തുടർക്കഥ
2017ൽ ദേശീയപാത നിർമാണം ആരംഭിച്ച ശേഷം ഇതുവരെ ചെറുതും വലുതുമായ 8 മലയിടിച്ചിലുകളാണ് ഗ്യാപ് റോഡിലുണ്ടായത്. 2023 ജൂലൈയിലും 2024 ജൂണിലുമാണ് ഇതിന് മുൻപ് വലിയ മലയിടിച്ചിലുകളുണ്ടായത്. മലയിടിച്ചിലിനെ തുടർന്ന് ആഴ്ചകളോളം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. 2019ൽ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ മലയിടിച്ചിലിൽ 2 താെഴിലാളികളും ഒരു മണ്ണുമാന്തിയന്ത്രവും മണ്ണിനടിയിൽപെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. 2019ലും 2020ലും വലിയ തോതിൽ മലയിടിച്ചിലുണ്ടായി ഗ്യാപ് റോഡിന് താഴെ വ്യാപക കൃഷിനാശമുണ്ടായിരുന്നു. മലയിടിച്ചിലിനു കാരണം ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ ഖനനമാണെന്ന് റവന്യു വകുപ്പ് നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

വേണം ലാൻഡ് സ്ലിപ് ഡിറ്റക്‌ഷൻ സിസ്റ്റം
മലയിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകൾ പാറയ്ക്കുള്ളിലെ ചെറു ചലനങ്ങൾ പോലും തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതാണ് ലാൻഡ് ഡിറ്റ‌ക്‌ഷൻ സിസ്റ്റം. ഇൗ വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേക്ക് ലഭിച്ചാൽ പെട്ടെന്നു തന്നെ ജനങ്ങളെ അറിയിക്കാനും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാനും സാധിക്കും. പാറ തുരന്നാണ് സെൻസറുകൾ സ്ഥാപിക്കുന്നത്. മുൻപ് ഹിമാചൽപ്രദേശിൽ ദേശീയപാത വിഭാഗം ഇത്തരമാെരു സംവിധാനം സ്ഥാപിച്ചിരുന്നു. ഗ്യാപ് റോഡിൽ 12 യൂണിറ്റുകളെങ്കിലും സ്ഥാപിക്കണമെന്ന് ദേശീയപാത വിഭാഗം നിർദേശം സമർപ്പിച്ചിരുന്നു. ഓരോ യൂണിറ്റിനും കാൽ ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്.

English Summary:

Landslides plague the Devikulam Gap Road. Recurring incidents necessitate immediate action to install a promised warning system and improve safety for locals and commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com