ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

Mail This Article
ചെറുതോണി ∙ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 53 വയസ്സുകാരനു 3 ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും ശിക്ഷ. കൂടാതെ പ്രതി 12 വർഷം കഠിനതടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇടുക്കി കൊന്നത്തടി ഇഞ്ചപ്പതാൽ നെല്ലിക്കുന്നേൽ ലെനിൻ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നു വിധിന്യായത്തിൽ കോടതി പ്രത്യേകം വ്യക്തമാക്കി.പിഴത്തുക പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവായി. കുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.2020ൽ കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയുടെ വീട്ടുകാരെ പ്രതിക്കു പരിചയമുണ്ടായിരുന്നു. ഇതിന്റെ മറവിൽ കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. ശാരീരിക അസ്വസ്ഥതമൂലം ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ചപ്പോഴാണു ഗർഭിണിയാണെന്നറിഞ്ഞത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.