രാജാക്കാട് പഞ്ചായത്ത് ഓഫിസ് നിർമാണം: ഒച്ചിനുണ്ടല്ലോ ഇതിലും വേഗം

Mail This Article
രാജാക്കാട്∙ പഞ്ചായത്ത് ഓഫിസ് നിർമാണം ഇഴയുന്നെന്ന് പരാതി. 2019ലെ സംസ്ഥാന ബജറ്റിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് 5 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫണ്ട് വകയിരുത്തിയില്ല. തുടർന്ന് പഞ്ചായത്ത് നൽകിയ അപേക്ഷയെ തുടർന്ന് 2020–21 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് 5 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ചത്. കരാർ നടപടികൾ പൂർത്തിയാക്കി നിലവിലുണ്ടായിരുന്ന ഓഫിസ് പാെളിച്ചുനീക്കി പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി.
ഒന്നും രണ്ടും നിലകളിൽ പഞ്ചായത്ത് ഓഫിസും അനുബന്ധ ഓഫിസുകളും മൂന്നാമത്തെ നിലയിൽ മിനി ഓഡിറ്റോറിയവും നിർമിക്കാനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ഒരുനില വാർത്ത്, രണ്ടാം നിലയ്ക്കുള്ള ഫില്ലർ നിർമിച്ച ശേഷം ഫണ്ട് കുടിശികയായതോടെ നിർമാണം വൈകി. ഇതു പരിഹരിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കു വേഗം കുറവാണ്. നിലവിൽ 3 വർഷത്തിലധികമായി വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.